എ പോസിറ്റീവ്‍ രക്തം കിട്ടാനില്ല; വയനാട്ടിലെ ആദിവാസി രോഗികൾ നെട്ടോട്ടത്തിൽ

Thumb Image
SHARE

എ-പോസീറ്റീവ് രക്തം സംഘടിപ്പിക്കാന്‍ വയനാട്ടിലെ ആദിവാസി രോഗികള്‍ നെട്ടോട്ടത്തില്‍. ജില്ലയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് എ-പോസിറ്റീവ് രക്തത്തിനാണ്. എന്നാല്‍ ബ്ലഡ്ബാങ്കുകളില്‍ ഈ വിഭാഗത്തിലുള്ള രക്തം ആവശ്യത്തിനില്ല. സമീപിക്കുന്ന രോഗികളുടെ ബന്ധുക്കളെ മടക്കിവിടുകയാണ്. ആദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് രക്തത്തില്‍ പൊതുവേ എച്ച്ബി കൗണ്ട് കുറവായതിനാല്‍ ദാതാക്കളാകാന്‍ സാധിക്കുന്നുമില്ല. 

മാനന്തവാടി ജില്ലാ ആശുപത്രിയിലെ രക്തബാങ്കിന് മുന്‍വശത്ത് എപ്പോഴും തിരക്കാണ്. ബാവലി ശാലമംഗലം കോളനിയിലെ അമ്മണിയുടെ അനിയത്തിക്ക് എ പോസിറ്റീവ് രക്തം വേണം. പക്ഷെ ഇല്ല എന്നാണ് മറുപടി. മകള്‍ക്കുള്ള എ- പോസിറ്റീവ് രക്തം കണ്ടെത്താനുള്ള ഒാട്ടത്തിലാണ് രാജനും. 

ഇന്നലെ ബ്ലഡ് ബാങ്കില്‍ സ്റ്റോക്കുള്ളത് ഒമ്പത് കുപ്പി മാത്രം. അതില്‍ ആറു കുപ്പി ഒരാള്‍ക്ക് നീക്കിവെച്ചതാണ്. ഇന്നലെ വന്ന എ പോസിറ്റീവ് ആവശ്യക്കാരുടെ എണ്ണം ഇരുപതും. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ നിന്നും കഴി‍ഞ്ഞ നാലുമാസത്തിനിടെ 992 കുപ്പി രക്തം നല്‍കി. ഇതില്‍ 444 കുപ്പിയും എ-പോസീറ്റീവ് വിഭാഗക്കാര്‍ക്കാണ്. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിട്ടും എ പോസീറ്റീവ് രക്തം ബ്ലഡ് ബാങ്കില്‍ ഇല്ല. രോഗികളുടെ ബന്ധുക്കളോട് സംഘടിപ്പിക്കാന്‍ പറയുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് അധികൃതര്‍. 

ഒരാളില്‍ നിന്നും രക്തം എടുക്കണമെങ്കില്‍ എച്ച്ബി കൗണ്ട് 12.5 ശതമാനമെങ്കിലും വേണമെന്നാണ് മാനദണ്ഡം. എ-പോസിറ്റീവായ ആദിവാസി വിഭാഗക്കാരുടെ ഇടയില്‍ ക്യാമ്പുകള്‍ നടത്തി രക്തം ശേഖരിക്കുന്നതും പ്രയോഗികമല്ല. ഭൂരിഭാഗം പേരുടെയും രക്തത്തില്‍ എച്ച്ബി കൗണ്ട് വളരെ കുറവായിരിക്കും. അതിജീവിക്കുന്നുണ്ടങ്കിലും പലരിലും കൗണ്ട് അ‍ഞ്ചില്‍ താഴെയാണ്. 

MORE IN NORTH
SHOW MORE