പീച്ചിയില്‍ ഭൂമിക്കടിയിലൂടെ ലൈനിടാൻ പണമില്ലന്ന് കെ.എസ്.ഇ.ബി

Thumb Image
SHARE

തൃശൂര്‍ പീച്ചിയില്‍ മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന രണ്ടു കിലോമീറ്റര്‍ ദൂരത്ത് വൈദ്യുത ലൈന്‍ ഭൂഗര്‍ഭലൈനാക്കി മാറ്റണമെന്ന ഹൈക്കോടതി വിധി ഇനിയും പാലിക്കപ്പെട്ടില്ല. അറുപതു ലക്ഷം രൂപ ചെലവിട്ട് ഭൂഗര്‍ഭ വൈദ്യുത ലൈന്‍ വലിക്കാന്‍ കാശില്ലെന്ന് കെ.എസ്.ഇ.ബി. കോടതിയെ അറിയിച്ചു. 

കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ റോ‍ഡുകളില്‍ ഒന്നാണിത്. പീച്ചി വനഗവേഷണ കേന്ദ്രത്തിനു മുന്നിലൂടെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരം. ഇരുവശത്തും മരങ്ങള്‍. ഏതു ചൂടുള്ളകാലാവസ്ഥയിലും തണുപ്പുള്ള പ്രദേശം. രണ്ടു കിലോമീറ്റര്‍ കാഴ്ചക്കാര്‍ക്കു രസമാണെങ്കിലും ഇതുമൂലം പൊറുതിമുട്ടുന്ന ജനങ്ങളുണ്ട് പീച്ചിയിലും വിലങ്ങന്നൂരിലും. മരച്ചില്ലകള്‍ ഇടയ്ക്കിടെ വൈദ്യുതി ലൈനിലേക്ക് വീഴും. പിന്നെ, മണിക്കൂറുകള്‍ കഴിയും വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍. പീച്ചി ഡാമിലേക്കുള്ള വൈദ്യുതിയും മുടങ്ങും. പമ്പിങ്ങിനേയും ബാധിക്കും. തൃശൂരിലേക്ക് പരിസരപ്രദേശങ്ങളിലേക്കും കുടിവെള്ള വിതരണവും തടസപ്പെടും. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറുപതു ലക്ഷം രൂപ മുടക്കി ഭൂഗര്‍ഭ വൈദ്യുത ലൈന്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പക്ഷേ, പണമില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. മറ്റേതെങ്കിലും വഴിക്കു പണം സ്വരൂപിക്കാന്‍ കഴിയൂമോയെന്ന് ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. 

പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിക്ക് നാട്ടുകാര്‍ പരാതി നല്‍കി. മൂന്നു മന്ത്രിമാരുള്ള ജില്ലയിലെ നാട്ടുകാരുടെ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയാത്തത് പ്രതിഷേധത്തിനിടയാക്കി. 

MORE IN NORTH
SHOW MORE