കാലം ചെയ്ത മലങ്കര ഒാർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ തെയൊഫിലോസിന് നാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട് ബിലാത്തികുളം സെന്റ് ജോർജ് ഒാർത്തഡോക്സ് കത്തീഡ്രലിൽ പൊതുദർശനത്തിനെത്തിച്ച ഭൗതികശരീരത്തിൽ മതസാമൂഹിക സാംസ്കാരികരംഗത്തെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. നാളെ കോയമ്പത്തൂർ തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിലാണ് കബറടക്കം.
ലളിതജീവിതത്തിലൂടെ സാധാരണക്കാരെ ചേർത്തുനിർത്തിയ നല്ല ഇടയനു പ്രണാമമർപ്പിച്ച് വിശ്വാസസമൂഹം. വിലാപയാത്രയായി ചാത്തമംഗലം മൗണ്ട് ഹോറേബ് അരമനയിൽ നിന്ന് ബിലാത്തിക്കുളം സെന്റ് ജോർജ് കത്തീഡ്രലിലെത്തിച്ച ഭൗതികശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വിശ്വാസികൾ ഒന്നാകെ ഒഴുകിയെത്തി. പ്രാർഥനാച്ചടങ്ങുകൾക്ക് സ്മലങ്കര ഒാർത്തഡോക്സ് സഭ പരമാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലൂസ് ദ്വിതിയൻ കാതോലിക്ക ബാവ മുഖ്യകാർമികനായി.
പൊലീസ് സേനയുടെ ഗാർഡ് ഒാഫ് ഒാണർ സ്വീകരിച്ചശേഷം ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര കോയമ്പത്തൂരിലേക്ക് തിരിച്ചു. നാളെ പത്തുമണിക്ക് തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലാണ് കബറടക്കശ്രൂശ്രൂഷകൾ. മലങ്കര ഒാർത്തഡോക്സ് സഭ പരമാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലൂസ് ദ്വിതിയൻ കാതോലിക്ക ബാവ സംസ്കാരച്ചടങ്ങുകൾക്ക് മുഖ്യകാർമികനാകും. കാൻസർ രോഗബാധിതനായിരുന്ന തിരുമേനി കോഴിക്കോട് എം.വി.ആർ സെന്ററിൽ ചികിൽസയിലിരിക്കെയാണ് കാലം ചെയ്തത്.