ഉറവിടമാലിന്യ സംസ്കരണത്തിലെ നൂതന മാർഗങ്ങളുമായി കോഴിക്കോട് കോർപ്പറേഷന്റെ പ്രദർശനം. കുറഞ്ഞ ചെലവിൽ, സ്ഥലപരിമിതിയുള്ള കുടുംബങ്ങൾക്ക് ഉപയോഗിക്കാവുന്ന സംസ്കരണ സംവിധാനങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.
നഗരജീവിതത്തിൽ മാലിന്യസംസ്കരണം ഒരു തലവേദനയായി തോന്നുന്നുണ്ടോ? കോർപ്പറേഷൻ വളപ്പിലെ പ്രദർശനസ്റ്റാളിലേക്കെത്താം. ജൈവമാലിന്യത്തിൽനിന്ന് ബയോഗ്യാസ് ഉൽപാദിപ്പിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ്. മാലിന്യം വളമാക്കി മാറ്റുന്ന പൈപ്പ് കംപോസ്റ്റ്, ജനവാസമേഖലയിൽ സുരക്ഷിതമായി മാലിന്യം കത്തിക്കുന്നതിനുള്ള ഇൻസിനറേറ്റർ. ഇങ്ങനെ ചെലവുകുറഞ്ഞതും സ്ഥലപരിമിതി പ്രശ്നമാകാത്തതുമായ സംസ്കരണ മാർഗങ്ങളാണ് സ്റ്റാളിലുള്ളത്.
കച്ചവട സ്ഥാപനങ്ങൾക്കും ഫ്ലാറ്റുകൾക്കുമായി ബയോഡയോഡൈജസ്റ്റർ പോട്ട്, ബയോബിൻ, റിങ് കംപോസ്റ്റ് എന്നിവയും ഉണ്ട്. കൈകാര്യം ചെയ്യാനുള്ള എളുപ്പവും ഉൽപ്പന്നങ്ങളെ ജനകീയമാക്കുന്നു. സംസ്ഥാന സർക്കാരിന്റെ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തുന്ന പ്രദർശനം ശനിയാഴ്ച വരെ തുടരും.