പാലക്കാട് ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രത്തിലെ ചിത്രശലഭ പാർക്ക് ശ്രദ്ധേയമാകുന്നു. വിരുന്നുകാരായി എത്തുന്ന നൂറുകണക്കിന് പൂമ്പാറ്റകളാണ് കാഴ്ചയാകുന്നത്.
വനംവകുപ്പിന്റെ ചൂലന്നൂർ മയിൽസങ്കേതത്തിലെ പൂന്തോട്ടമാണ് പൂമ്പാറ്റകളുടെ താവളം. ഒന്നിനു പുറകെ ഒന്നായി അല്ലെങ്കിൽ കൂട്ടമായി ഒാടിയെത്തുന്ന ചിത്രശലഭങ്ങൾ. വിവിധങ്ങളായ പൂക്കളുടെ തേൻകുടിക്കാനായി ഒത്തുചേരുന്ന പൂമ്പാറ്റകൾ. അതുകൊണ്ടുതന്നെയാണ് കുറഞ്ഞസ്ഥലത്ത് ക്രമീകരിച്ച പൂന്തോട്ടം ചിത്രശലഭ പാർക്കായത്. ഏത് കാലാവസ്ഥയിലും പൂമ്പാറ്റകളുടെ സാന്നിധ്യം ഉളളതിനാൽ വിനോദസഞ്ചാരികൾക്കും നല്ല കാഴ്ച സമ്മാനിക്കുന്നു. പൂമ്പാറ്റകളെ ആകർഷിക്കുന്ന ചില ചെടികളുടെ സാന്നിധ്യം പ്രത്യേകതയാണ്. പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നും കൊണ്ടുവന്ന കിലുക്കാംപെട്ടി എന്നു പേരുളള ചെടിയാണ് പൂമ്പാറ്റകൾക്ക് പ്രിയപ്പെട്ടത്്. ചെടികളുടെ ഇലകളിലാണ് ഇവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞിറങ്ങുന്ന പ്യൂപ്പകൾക്ക് ഭക്ഷ്യയോഗ്യമായ ചെടികളുമുണ്ടിവിടെ.
ബുദ്ധമയൂരി, പുൽനീലി , കരിയില ശലഭം തുടങ്ങി പത്തിലധികം ഇനങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് ശലഭങ്ങളെ അടുത്തറിയുന്നവർ പങ്കുവയ്ക്കുന്നത്. കുട്ടികൾക്ക് വിനോദത്തിനുമപ്പുറം വിജ്ഞാനം കൂടി നൽകുന്നതാണ് ചിത്രശലഭ പാർക്ക്.