ഒറ്റപ്പാലം നഗരസഭയിൽ ശാസ്ത്രീയമായ മാലിന്യസംസ്കരണ സംവിധാനം പ്രവർത്തന സജ്ജമായി. ആലപ്പുഴ തുമ്പൂർമുഴി മോഡൽ പദ്ധതിയാണ് കയറംപാറയിലും നിർമാണം പൂർത്തിയായത്.
എട്ടു ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് കയറംപാറയിൽ പാതയോരത്ത് പദ്ധതി നടപ്പാക്കിയത്. മുണ്ടൂർ ഐആർടിസിക്കായിരുന്നു നിർമാണ ചുമതല. മാലിന്യസംസ്കരണത്തിന് രണ്ടു ഷെഡുകളിലായി എട്ടു ബിന്നുകൾ ഒരുക്കിയിട്ടുണ്ട്. ഐആർടിസിയിൽ തൊഴിലാളികളുടെ പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് യൂണിറ്റിന്റെ ഉദ്ഘാടനം നടത്തും.
അതേ സമയം നേരത്തെ പ്രവർത്തനസജ്ജമായിരുന്ന യൂണിറ്റ് കഴിഞ്ഞ ജൂലൈ മൂന്നിന് സാമൂഹീകവിരുദ്ധർ തകർത്തിരുന്നു. നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്ന പ്രദേശവാസികളെ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണമാണ് വഴിമുട്ടി നിൽക്കുന്നത്.