രണ്ടര പതിറ്റാണ്ടായി പൂട്ടിക്കിടന്ന കോഴിക്കോട്, കുന്നത്തറ ടെക്സ്റ്റൈല്‍സ് വില്ക്കാന് സര്‍ക്കാര്‍ തീരുമാനം. വിറ്റു കിട്ടുന്ന തുക ഉപയോഗിച്ച് കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ഇതോടെ നൂറു കണക്കിന് തൊഴിലാളികളുടെ അവസാന പ്രതീക്ഷയും ഇല്ലാതായി. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
2006 ലും 2012ലും കുന്നത്തൂര്‍ ടെക്സ്റ്റൈല്‍സ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നു. തൊഴിലാളികളുടേയും നാട്ടുകാരുടേയും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം പിന്‍വലിയ്ക്കുകയായിരുന്നു. പിന്നാലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2015ല്‍ ഏഴു കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ തുക നല്‍കാനാകില്ലെന്നും കന്പനി വിറ്റു കിട്ടുന്ന തുക കൊണ്ട് ബാധ്യത തീര്‍ക്കാമെന്നുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാട്. ഇതോടെ നെയ്ത്തു ശാലയ്ക്ക് പകരം ഐടി അധിഷ്ടിത വ്യവസായം തുടങ്ങാനുള്ള പദ്ധതിയും ഇല്ലാതാകും. 17 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ 40 കോടി രൂപ വിലയുള്ള കന്പനി വില്‍ക്കാനുള്ള തീരുമാനത്തില്‍ നിരാശരാണ് തൊഴിലാളികളും നാട്ടുകാരും.
കന്പനി വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ച് പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. എല്ലാവര്ക്കുമൊപ്പമുണ്ടെന്നു പറയുന്ന സര്‍ക്കാര്‍ തൊഴിലാളികള്ക്കൊപ്പമുണ്ടോ എന്നാണ് ഇവിടുത്തുകാരുടെ ചോദ്യം.