പനി പ്രതിരോധ നടപടിയിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം. കൊതുകിനെ തുരത്താൻ ഒാഫീസിനുളളിൽ പുകച്ചട്ടിയുമായാണ് പ്രതിഷേധക്കാരെത്തിയത്.
പ്രതിഷേധം വേറിട്ടതാക്കാനായിരുന്നു കോൺഗ്രസുകാരുടെ ശ്രമം. കൊതുകുശല്യത്താൽ നഗരം വീർപ്പുമുട്ടുകയാണെന്ന പരാതി നഗരസഭാ ഭരണനേതൃത്വത്തെ അറിയിക്കാൻ നഗരസഭാ ഒാഫീസ് ഒന്നാകെ പുകച്ചു. നാലു ചട്ടികളിൽ ചകിരി നിറച്ച് പുകച്ചുകൊണ്ടായിരുന്നു ഒാഫീസുകളിൽ കയറിയിറങ്ങിയത്. നഗരസഭാ ഉപാധ്യക്ഷൻ ഉൾപ്പെടെയുളളവരുടെ ഒാഫീസുകളും പുകകൊണ്ട് നിറഞ്ഞു.
വാർഡുതല മാലിന്യസംസ്കരണ കേന്ദ്രങ്ങൾ പുനസ്ഥാപിക്കണമെന്നും കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. അതേസമയം കോൺഗ്രസ് സമരം രാഷ്ട്രീയപ്രേരിതമാണെന്നാണ് ബിജെപി നേതൃത്വത്തിലുളള നഗരസഭാ ഭരണസമിതിയുടെ നിലപാട്.