ചെറിയ പെരുനാൾ ദിനത്തിൽ കോഴിക്കോട്ടു നിന്നൊരു മതസൗഹാർദ കാഴ്ച. കോഴിക്കോട് സാമൂതിരി കെ.സി.യു രാജയാണ് കുറ്റിച്ചിറ മിശ്കാൽ പള്ളിയിലെത്തി ഇസ്ലാംമത വിശ്വാസികളുമായി സൗഹൃദം പുതുക്കിയത്
സാമൂതിരി രാജവംശവും മിശ്കാൽ പള്ളിയും തമ്മിലുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് കെ.സി.യു രാജ എത്തിയത്. മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് അദ്ദേഹത്തെ സ്വീകരിച്ചു.പിന്നെ പള്ളി ചുറ്റി കണ്ടു. വിശ്വാസികൾക്ക് സാമൂതിരി രാജയുടെ പെരുനാൾ ആശംസകൾ. പുതുതായി ചുമതലയേൽക്കുന്ന സാമൂതിരിമാർ പള്ളിയിലെത്തി സൗഹൃദം പുതുക്കാറുണ്ട്.
നൂറ്റാണ്ടുകൾക്ക് മുമ്പ് പറങ്കിപ്പടയുടെ ആക്രമണമുണ്ടായപ്പോൾ മിശ്കാൽ പള്ളി സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് അന്നത്തെ സാമൂതിരിയായിരുന്നുവെന്ന് പള്ളികമ്മിറ്റി ഭരവാഹികൾ സ്മരിച്ചു. അരമണിക്കൂറോളം പള്ളിയിൽ ചെലവിട്ട് ചായ സൽക്കാരവും കഴിഞ്ഞാണ് സാമൂതിരി രാജ മടങ്ങിയത്.