മലപ്പുറം താനൂര്‍ കെട്ടുങ്ങൽ പാലം നിർമാണം ഒരു വർഷം മുന്‍പ് പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മുപ്പത് മീറ്ററോളം നീളത്തിൽ റോഡ് നിർമാണത്തിന് ഭൂമി വിട്ടു കിട്ടാത്തതാണ് തടസം.
26 കോടി രൂപ ചെലവഴിച്ച് കെട്ടുങ്ങൽ.ഒട്ടുംപുറം കരകളെ ബന്ധിപ്പിക്കുന്ന പാലം നിർമാണം ഒരു വർഷം മുൻപ് പൂർത്തിയായതാണ്. ഒട്ടുംപുറം ഭാഗത്ത് അപ്രോച്ച് റോഡ് നിർമാണവും നേരത്തെ പൂർത്തിയായി. കെട്ടുങ്ങലിലെ സ്വകാര്യവ്യക്തി ഭൂമി വിട്ടു നൽകാത്തതാണ് തടസമാകുന്നത്. നിലവിൽ പാലം കടന്നു വരുന്ന ചെറുവാഹനങ്ങൾ കെട്ടുങ്ങല്‍ ബീച്ചിലെ വിനോദസഞ്ചാര മേഖലയിലൂടെ ചുറ്റിക്കറങ്ങി പോവുന്നുണ്ട്. പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളും അപ്രോച്ച് റോഡ് നിർമാണത്തിന് തടസമായിട്ടുണ്ട്.
അഴിമുഖത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രത്തിൽ പൂർത്തിയായ പാലം വിനോദസഞ്ചാര മേഖലക്കും ഗുണം ചെയ്യും. അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകുന്നതോടെ പൊന്നാനി.കടലുണ്ടി.കോഴിക്കോട് തീരദേശപാതക്ക് സമാന്തര റോഡായി ഉപയോഗപ്പെടുത്താനാകും.