കണ്ണൂര്‍ ടൗണിലെ ഒാട്ടോറിക്ഷ തൊഴിലാളികളുടെ പ്രശ്നത്തില്‍ അധികൃതര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംയുക്ത ഒാട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഒാട്ടോതൊഴിലാളികള് പണിമുടക്കുന്നു. കണ്ണൂര്‍ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനായി ഉയര്‍ത്തിയതോടെ നഗരത്തില്‍ സര്‍വീസ് നടത്താനുള്ള പെര്‍മിറ്റ് സംബന്ധിച്ച് തര്‍ക്കങ്ങളാണ് പണിമുടക്കിലേക്ക് നയിച്ചത്. പതിമൂന്ന് ദിവസമായി ഒരുവിഭാഗം തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്.
മുന്‍സിപ്പാലിറ്റി നഗരത്തിലെ ഒാട്ടോറിക്ഷകള്‍ക്ക് നല്‍കിയിരുന്ന കെഎംസി നമ്പര്‍ പിന്‍വലിച്ച് കെസി നമ്പര്‍ നല്‍കിയതോടെ നഗരത്തിലെ ഒാട്ടോറിക്ഷതൊഴിലാളികള്ക്ക് തിരിച്ചടിയായെന്നാണ് സംയുക്ത ഒാട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ പരാതി. ദൂരസ്ഥലങ്ങളില്‍ പോയാലും മീറ്റര്‍ ചാര്‍ജ് മാത്രം വാങ്ങുക, നഗരത്തിലെവിടേയും എല്ലാ ഒാട്ടോറിക്ഷകള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ അനുമതി, കോര്പ്പറേഷന് പരിധിയിലെ ഒാട്ടോറിക്ഷകള്‍ക്ക് മഞ്ഞനിറം കൂടുതലായി അടിക്കണമെന്ന ആര് ടി ഒയു ടെ തീരുമാനം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളിലാണ് തൊഴിലാളികള്‍ക്ക് പരാതി. കണ്ണൂര്‍ നഗരത്തിലോടുന്ന ഒാട്ടോറിക്ഷകള്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
നഗരത്തിലോടുന്ന ഒാട്ടോറിക്ഷകള്‍ക്ക് മതിയായ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നും നഗരത്തിലെ ഒാട്ടോറിക്ഷകള്‍ നിലവില്‍ ഈടാക്കുന്ന ചാര്‍ജ് സംവിധാനം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം. കലക്ട്രേറ്റിന് മുന്നില്‍ പതിമൂന്ന് ദിവസമായി തുടരുന്ന സമരത്തിനുനേരെ അധികൃര്‍ മുഖം തിരിച്ചതോടെ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്കാണ് തൊഴിലാളികള്‍ കടക്കുന്നത്. കെഎംസി പെര്മിറ്റില്ലാതിരുന്ന ഒാട്ടോറിക്ഷകളെ നഗരത്തില്‍ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു.