വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പാലക്കാട് വ്യാപാരഭവൻ പൊലീസ് ഏറ്റെടുത്തു. അവകാശമുന്നയിച്ച് ഇരുവിഭാഗം ഒാഫിസിലെത്തിയതും സംഘർഷാവസ്ഥ കണക്കിലെടുത്തുമാണ് തീരുമാനം. ഒാഫിസ് പൂട്ടി സീൽ ചെയ്തതിനാൽ കോടതി ഉത്തരവ് പ്രകാരം മാത്രമേ ഇനി തുറന്നുകൊടുക്കുകയുളളു.
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനെയും സംസ്ഥാന ജനറൽ സെക്രട്ടറി ജോബി വി. ചുങ്കത്തിനെയും അനുകൂലിക്കുന്നവർ തമ്മിലാണ് തർക്കം. ജോബി വി.ചുങ്കത്തിന്റെ കീഴിലുളള പാലക്കാട് ജില്ലാ കമ്മിറ്റി ഒാഫീസ് നസിറുദ്ദീൻ വിഭാഗം കയ്യടക്കിയതാണ് പൊലീസ് ഇടപെടലിന് കാരണം. നസിറുദ്ദീൻ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിലിന്റെ നേതൃത്വത്തിൽ വ്യാപാരഭവന്റെ പൂട്ടുപൊളിച്ച് ഒാഫീസ്പ്രവർത്തനം ഏറ്റെടുത്തു. എതിർചേരിയിലുളള ജോബി വിചുങ്കത്തിനെ അനൂകൂലിക്കുന്നവരും സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയായി. തുടർന്നാണ് ഇരുവിഭാഗത്തിനെയും ഒഴിവാക്കാൻ പൊലീസ് തീരുമാനിച്ചത്. പൊലീസ് ഒാഫീസ് പൂട്ടി സീൽ ചെയ്തു. ഇനി കോടതിയിൽ നിന്ന് അനുകൂല ഉത്തരവുമായി വരുന്നവർക്കുമാത്രമേ ഒാഫീസിന്റെ താക്കോൽ നൽകുകയുളളു.