ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ സുരക്ഷക്ക് ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആശങ്കയുണ്ടാക്കുന്നു. മഴക്കാലത്ത് അപകടസാധ്യത വര്‍ധിച്ചിട്ടും ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. നാലുവര്‍ഷം മുമ്പ് നാലുയുവാക്കള്‍ ഇവിടെ മുങ്ങിമരിച്ചിരുന്നു.
ശാന്തമായിരുന്ന തീരമാലകള് കടല്ക്ഷോഭിച്ചതോടെ കരയിലേക്ക് കയറുകയാണ്. കടലില്‍ കുളിക്കാനെത്തുന്നവര്‍ക്കും കടല്കാണാനെത്തുന്നവര്ക്കും അപകടസാധ്യത വര്‍ധിച്ചു. കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന പയ്യാമ്പലത്ത് സുരക്ഷാചുമതലക്കുള്ളത് നാലുപേര്‍. ആവശ്യമുള്ളതിന്റെ മൂന്നിലൊന്നുപോലും ജീവനക്കാരെ നിയമിക്കാതെ മഴക്കാലത്ത് സന്ദര്‍ശകരുടെ ജീവന് വിലപറയുകയാണ് വിനോദസഞ്ചാരവകുപ്പ്. മഴക്കാലത്ത് അപകടമുണ്ടാക്കുന്ന രീതിയില്‍ പയ്യാമ്പലം കടല്‍ മാറുമെന്ന് വിദഗ്ദര്‍ പറയുന്നു.
കടലില്‍ സുരക്ഷാജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ചും യുവാക്കള്‍ ഇറങ്ങുന്നുണ്ട്. നാലുവര്‍ഷം മുമ്പ് ഇവിടെ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട എട്ടുപേരില്‍ നാലുപേര്‍ മരിച്ചിരുന്നു. നഗരത്തില്‍ ജോലിക്കായി എത്തിയിരിക്കുന്ന ഇതരസംസ്ഥാനക്കാരും വ്യാപകമായി കടലില്‍ കുളിക്കാനായി എത്തുന്നുണ്ട്. മറ്റൊരു അപകടത്തിന് കാത്തുനില്‍ക്കാതെ മഴക്കാലത്തെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാണ് വിനോദസഞ്ചാരികളുടെ ആവശ്യം.