വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വയനാട് ബത്തേരിയിൽ മിനി ബൈപ്പാസിന്റെ നിർമാണം ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ കുരുങ്ങിക്കിടന്ന മിനി ബൈപ്പാസിന്റെ നിർമാണം ആറുമാസംകൊണ്ട് പൂർത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ബത്തേരി നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായാണ് പതിറ്റാണ്ടുകൾക്ക്്മുൻപ് മിനി ബൈപ്പാസെന്ന ആശയം ഉദിച്ചത്. പക്ഷേ സ്വകാര്യവ്യക്തികൾ സ്ഥലം വിട്ടുനൽകാൻ മടിച്ചതോടെ പദ്ധതി അനന്തമായി നീളുകയായിരുന്നു. നഗരസഭാ അധികൃതർ നിരന്തരമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മിനി ബൈപ്പാസിന് ആവശ്യമായ സ്ഥലം സൗജന്യമായി ലഭിച്ചത്. അതോടെ നിർമാണം ആരംഭിച്ചു. ബന്ദിപ്പൂർ വനത്തിൽ രാത്രി യാത്രാനിരോധനം ആരംഭിക്കുന്നതിന്്മുൻപ് ബത്തേരി ടൗണിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ നിർദിഷ്ട പദ്ധതി സഹായിക്കും.
മഴമാറിയതിനുശേഷം ടാറിങ് ജോലികൾ ആരംഭിക്കാനാണ് തീരുമാനം. ഇതുവരെ ഒരുകോടി രൂപയാണ് നഗരസഭ മിനി ബൈപ്പാസിനായി നീക്കിവച്ചിരിക്കുന്നത്.