തമിഴ്നാട്ടിലെ കല്‍പ്പാക്കത്ത് മലയാളി വീട്ടമ്മയും രോഗികളായ മക്കളും നരകിച്ച് കഴിയുന്ന സംഭവത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്റെ ഇടപെടല്‍. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഇവരെ നാട്ടിലെത്തിയ്ക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും ഉറപ്പു നല്കി.
കോഴിക്കോട് കക്കോടിയില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ കല്പ്പാക്കത്തെത്തിയ 43 കാരിയായ വിശാലാക്ഷിയും മസ്ക്കുലര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച രണ്ടു മക്കളും ചികില്‍സയ്ക്ക് പണമില്ലാതെ നരകിയ്ക്കുന്നത് കഴിഞ്ഞയാഴ്ച്ചയാണ് മനോരമ ന്യൂസ് സംപ്രേഷണം ചെയ്തത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ബാലാവകാശ കമ്മീഷന് എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അറിയിച്ചു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറോട് ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശോഭ കോശി നിര്‍ദേശം നല്കി. ഇവരെ നാട്ടിലെത്തിയാക്കാനാവശ്യമായ നടപടി ഉടന്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. കുട്ടികളുടെ പഠനത്തിനും ചികില്‍സയ്ക്കും വേണ്ട സഹായം നല്കാന് ആള് ഇന്ത്യ മലയാളി അസോസിയേഷനും സന്നദ്ധത അറിയിച്ചു.