കണ്ണൂര്‍ കോട്ടയില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ അരക്കോടിയിലധികം രൂപ മുടക്കി ആരംഭിച്ച ലൈന്റ് ആന്റ് സൗണ്ട് ഷോ വീണ്ടും പൂട്ടിക്കെട്ടി. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തശേഷം പ്രവര്‍ത്തനം തുടങ്ങാതിരുന്ന കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും സാങ്കേതികതകരാറുമൂലം ഉപേക്ഷിക്കുകയായിരുന്നു. കോട്ടയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ പിഴിയാന്‍ പട്ടാളവും പിരിവ് ഏര്‍പ്പെടുത്തി.
പ്രസിദ്ധമായ സെന്റ് ആഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് ആദ്യം മുതലേ പിരിവാണ്. കോട്ടയിലേക്കുള്ള പട്ടാളത്തിന്റെ അധീനതയില്‍ വരുന്ന ഇരുന്നൂറ് മീറ്ററില്‍ താഴെ റോഡില്‍ വാഹനം ഒാടിക്കണമെങ്കില്‍ ആദ്യം പട്ടാളം വഴി പിരിവ് ഇരുപത് രൂപ.
പിന്നെ തൊട്ടപ്പുറത്ത് പാര്‍ക്കിങ് ഫീസ്. ഇതെല്ലാം കൊടുത്ത് ഡിടിപിസി ഒരുക്കിയിരിക്കുന്ന ലൈന്റ് ആന്റ് സൗണ്ട് ഷോ കാണാന്‍ പോകാം. ഒരു വര്‍ഷംമുമ്പ് ഉദ്ഘാടനം ചെയത് ഇനിയും പ്രവര്‍ത്തനം ആരംഭിക്കാത്ത പദ്ധതി.ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം ഷോ വീണ്ടും ആരംഭിച്ചു. സാങ്കേതിക തകരാറുമൂലം വീണ്ടും മുടങ്ങി. ഒടുവില്‍ മഴക്കാലം കഴിഞ്ഞിട്ട് ഇനി നോക്കാമെന്ന മറുപടിയില്‍ കരാറെടുത്ത ബംഗളുരു കമ്പനി മടങ്ങി. ഏഴുന്നൂറ് ലൈറ്റ് പോയിന്റുകളും പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി വെച്ചിരിക്കുകയാണ്. അരക്കോടിയുടെ പദ്ധതി പാതിവഴിയില്‍ തുടരുമ്പോലും ജില്ലയില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വകുപ്പ് ഇപ്പോഴും കിണഞ്ഞ് പരിശ്രമിക്കുകയാണ്.