പാലക്കാട് ഷൊർണൂർ നഗരസഭയിലെ സിപിഎം ഭരണസമിതിയെ പ്രതിരോധത്തിലാക്കി ഏഴ് ബിജെപി കൗൺസിലർമാരുടെ നിരാഹാരസമരം. വാർഷിക പദ്ധതി രൂപീകരണത്തിൽ വിവേചനം ആരോപിച്ച് കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന പ്രതിഷേധമാണ് നിരാഹാര സമരത്തിലേക്ക് വഴിമാറിയത്.
ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന തീരുമാനത്തിലാണ് ഷൊർണൂരിലെ ബിജെപി കൗൺസിലർമാർ. നഗരസഭയുടെ കൗൺസിൽ ഹാളിൽ രണ്ടു ദിവസമായി തുടങ്ങിയ കുത്തിയിരുപ്പു സമരം മൂന്നാംദിനം നിരാഹാരസമരത്തിലായി. ചെയർപഴസ്ന്റെ ഒാഫീസിനു മുന്നിലാണ് ഒരു വനിതാ കൗൺസിലർ ഉൾപ്പെടെയുളള ഏഴു പേരുടെ നിരാഹാരം. ഇൗ സാമ്പത്തിക വർഷം നടപ്പാക്കേണ്ട വാർഷിക പദ്ധതികൾ തയ്യാറാക്കിയപ്പോൾ ബിജെപി കൗൺസിലർമാരുടെ വാർഡുകൾക്ക് അർഹമായ പദ്ധതി വിഹിതം കിട്ടിയില്ലെന്നാണ് പരാതി.
നഗരസഭയുടെ വാർഷികപദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതോടെ ഇനി പദ്ധതി വിഹിതത്തിൽ മാറ്റംവരുത്താനാവില്ല. ഒത്തുതീർപ്പുചർച്ചകൾ നടത്തിയിട്ടും ഫലമില്ലെന്ന് ചുരുക്കം. ബിജെപി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലത്തെ നഗരസഭാ കൗൺസിൽ മാറ്റിവച്ചിരുന്നു. അതേ സമയം പദ്ധതിവിഹിതത്തിൽ വിവേചനം കാട്ടിയിട്ടില്ലെന്ന് ചെയർപഴ്സൻ വി. വിമല അറിയിച്ചു.