കണ്ണൂര്‍ ഏഴിമല നാവികഅക്കാദമിക്കുമുന്നില് പ്രദേശവാസികള്‍ എണ്‍പത്തിയാറ് ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. അക്കാദമിക്കുള്ളില്‍ തന്നെ മാലിന്യം സംസ്കരിക്കാന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. ഏഴിമല നാവികഅക്കാദമിക്ക് മുന്നിലെ നാട്ടുകാരുടെ സമരത്തിനുനേരെ അധികൃതര്‍ മുഖംതിരിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് നാട്ടുകാര്‍ കടന്നത്.
നാവിക അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡ് ശനിയാഴ്ച നടക്കാനിരിക്കെ ശക്തമായ പ്രതിഷേധത്തിന് സമരക്കാര്‍ തയാറെടുത്തിരുന്നു.ഇതെ തുടര്‍ന്നാണ് വൈസ് അഡ്മിറലിന്റെ നേതൃത്വത്തില്‍ അധികൃതര്‍ സമരപന്തലിലെത്തി ചര്‍ച്ചക്ക് തയാറായത്. നാട്ടുകാരുടെ ആവശ്യപ്രകാരം അക്കാദമിക്കുള്ളിലെ മാലിന്യം സംസ്കരിക്കാന്‍ ഒാരോകെട്ടിടത്തിനും പ്രത്യേകം പ്ലാന്റുകള്‍ നിര്‍മാക്കാനാണ് നാവികഅക്കാദമിയുടെ തീരുമാനം.എട്ടുമാസത്തിനുള്ളില്‍ പ്ലാന്റുകള്‍ പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ സമരക്കാര്‍ക്ക് എഴുതിനല്‍കിയതോടെയാണ് എണ്‍പത്തിയാറ് ദിവസമായി തുടരുന്ന സമരം പിന്‍വലിക്കാന്‍ ജനാരോഗ്യസംരക്ഷണസമിതി തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സമിതി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. രാഷ്ട്രീയപാര്‍ട്ടിയുടെ പിന്തുണയില്ലാതെ പ്രദേശവാസികള്‍ നടത്തിയ സമരത്തിന്റെ വിജയമാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. അക്കാദമിയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മാലിന്യപ്ലാന്റിലെ മാലിന്യം കലര്‍ന്ന് പ്രദേശത്തെ കുടിവെള്ള സ്രോതസുകള്‍ മലിനപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ജനാരോഗ്യസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.ഉറപ്പുപാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.