വയനാടിന്റെ സൗന്ദര്യം മറഞ്ഞിരിക്കുന്ന മഞ്ഞപ്പാറയിലെ കാഴ്ചകൾ കാണാം. അമ്പലവയലിലെ ക്വാറികൾക്കിടയില് തല ഉയർത്തിനിൽക്കുന്ന മഞ്ഞപ്പാറ സഞ്ചാരികളെ മാടിവിളിക്കുകയാണ്.
കാഴ്ചകളുടെ വൈവിധ്യങ്ങളിലേക്കാണ് ഈ യാത്ര. അമ്പലവയല്‍ വടുവൻചാൽ റോഡിൽനിന്ന് ഒരുകിലോമീറ്റർ നടക്കണം. ദൂരെ പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന പാറക്കൂട്ടമാണ് മഞ്ഞപ്പാറ. ചുറ്റും കരിങ്കല്ല് പൊട്ടിച്ചെടുത്ത പാറമടകൾ. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പാറകളിലൂടെ അള്ളിപ്പിടിച്ച് കയറാം. അല്ലാത്തവർക്കും സുരക്ഷിതമായി നടന്നുകയാറാനും വഴികളുണ്ട്. അമ്പലവയൽ ടൗണിനോട് ചേർന്ന് കിടിക്കുന്ന മഞ്ഞപ്പാറയിലേക്ക് ഏത് പ്രായക്കാര്‍ക്കും നടന്നുകയാറാം.
ചീങ്ങേരി മല, മണിക്കുന്ന് മല തുടങ്ങിയ സ്ഥലങ്ങൾ മഞ്ഞപ്പാറയിൽനിന്ന് കാണാം. വേനൽക്കാലത്തും പച്ചപ്പോടെ നിൽക്കുന്ന കല്ലുമുൾച്ചെടികൾ കാഴ്ചകാരെ ആകർഷിക്കും. പാറമടകൾക്കിടയിലായതിനാൽ അധികമാരും ഇവിടേക്ക് കടന്ന് വരാറില്ല. ഒരിക്കൽ വന്നവരാകട്ടെ മഴനനയാനും കാഴ്ചകൾകാണാനും കാറ്റുകൊള്ളാനുമായി വീണ്ടും വരും.