ദേശീയ നൃത്തോല്‍സവത്തിന് പാലക്കാട് അഹല്യ ക്യാംപസിൽ തുടക്കമായി. ചലച്ചിത്രതാരം വിനീതും സംഘവും അവതരിപ്പിച്ച സെമിക്ളാസിക്കൽ നൃത്തമാണ് മുദ്ര ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തിൽ അരങ്ങേറിയത്. കൃഷ്ണ സ്തുതിയോടെയാണ് നടൻ വിനീത് മുദ്ര ദേശീയ നൃത്തോല്‍സവത്തിന്റെ അരങ്ങുണർത്തിയത്.
ചലച്ചിത്രഗാനങ്ങളുമായി കോർത്തിണക്കിയ നൃത്തരൂപം ആസ്വാദകരുടെ മനംകവർന്നു. നൃത്തരംഗത്തുളളവരുടെയും ശാസ്തീയനൃത്തത്തെ സ്നേഹിക്കുന്നവരുടെയും ഒരുമിക്കലിന് മുദ്ര ഫെസ്റ്റിവൽ സാക്ഷ്യം വഹിക്കും. 29 വരെ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുളള നര്‍ത്തകിമാരും കലാകാരന്മാരും നൃത്തോല്‍സവത്തിന്റെ ഭാഗമായി പാലക്കാടെത്തും. കലക്ടർ പി.മേരിക്കുട്ടിയാണ് മുദ്രഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.