ബിവറേജസ് മദ്യവിൽപനശാല തുടങ്ങുന്നതിനെതിരെ പാലക്കാട് എലപ്പുളളിയിലും പ്രതിഷേധം. മദ്യക്കുപ്പികളുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. മദ്യവിൽപന ശാലയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കഞ്ചിക്കോട് ആലാമരത്ത് വൈസ് പാർക്കിനു സമീപം പ്രവർത്തിച്ച മദ്യവിൽപനശാലയാണ് എലപ്പുളളിയിലെ പട്ടത്തലച്ചിയിലേക്ക് മാറ്റാൻ നീക്കം നടന്നത്.
ബിവറേജസ് ജീവനക്കാർ കെട്ടിടം വാടക്ക്കെടുത്ത് മദ്യക്കുപ്പികൾ എത്തിക്കാനുളള നീക്കം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. സ്ത്രീ സംഘടനകളുടെ പ്രതിഷേധത്തിന് പ്രദേശിക സിപിഎം , ബിജെപി, കോൺഗ്രസ് പ്രവർത്തകരും പിന്തുണ നൽകി. സിപിഎം നേതൃത്വത്തിലുളള പഞ്ചായത്ത് ഭരണസമിതി മദ്യവിൽപനശാലയ്ക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ല.