തെയ്യത്തിനിടെ തെങ്ങില്‍നിന്ന് വീണ് പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന തെയ്യം കലാകാരന് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. കണ്ണൂര്‍ അഴീക്കോട് തെയ്യംഅനുഷ്ഠിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ ബപ്പിരിയന്‍ തെയ്യം സുമേഷാണ് ചികില്‍സയില്‍ തുടരുന്നത്.
ഫെബ്രുവരി ഇരുപതിന് അഴീക്കോട് മുച്ചിരിയന്കാവില് തെയ്യം അനുഷ്ഠാനത്തിനിടെയാണ് ബപ്പിരിയന്‍ തെയ്യക്കോലം കെട്ടിയാടിയ സുമേഷ് തെങ്ങില്‍ നിന്ന് വീണത്.ഹനുമാന്റെ ലങ്കാദഹനത്തെ അനുസ്മരിപ്പിക്കുന്ന ബപ്പിരിയില് തെയ്യത്തിന്റെ അനുഗ്രഹം തേടിയെത്തിയ നൂറുകണക്കിന് ഭക്തര്‍ക്ക് മുമ്പില്‍ വെച്ചാണ് തെയ്യം അപകടത്തില്‍പ്പെട്ടത്. തുടയെല്ലിനും താടിയെല്ലിനും ഗുരുതരമായി പരുക്കേറ്റു.എട്ടുദിവസം ഒാര്‍മയില്ലാതെ മംഗളുരുവിലെ ആശുപത്രിയില്‍. ചികില്‍സക്കുശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ഭാരിച്ചചികില്സാചെലവുകള് ഈ തെയ്യംകലാകാരനും കുടുംബത്തിനും താങ്ങാനാകുന്നില്ല.
പതിമൂന്നാം വയസുമുതല്‍ തെയ്യത്തിനൊപ്പമാണ് സുമേഷിന്റെ ജീവിതം. മലബാറിന്റെ സ്വന്തം ബപ്പിരിയന്‍ തെയ്യക്കോലം സുമേഷിന് ജീവിതമാണ്. കടപ്പുറത്ത് സീതയെ അന്വേഷിച്ച ശേഷം തെങ്ങിന് മുകളില്‍ കയറി ഹനുമാന് അന്വേഷണം തുടരുന്നതാണ് ബപ്പിരിയന്‍ തെയ്യം അവതരിപ്പിക്കുന്നത്.അപകടത്തില്‍പ്പെട്ട സുമേഷിന് തെയ്യം കലാകാരന്മാരുടെ കൂട്ടായ്മയും സുഹൃത്തുക്കളും നല്കുന്ന സഹായത്തിനപ്പുറം ഭക്തരുടെ പ്രാര്‍ഥനയുമുണ്ട്.