വയനാട്ടിലാദ്യമായി മണ്ണിനടിയിലൂടെ കേബിൾ സ്ഥാപിച്ച് വനഗ്രാമത്തിൽ വൈദ്യുതിയെത്തിച്ചു. പൂതാടി പഞ്ചായത്തിലെ മണൽവയൽ ഗ്രാമത്തിലെ ഇരുപത്തിയൊന്ന് വീടുകളിലാണ് വൈദ്യുതി ലഭിച്ചത്. വർഷങ്ങളായി ഇരുട്ടിൽ കഴിഞ്ഞ ജനങ്ങൾക്ക് സന്തോഷത്തിന്റെ നിമിഷം. സന്ധ്യമയങ്ങിയാൽ എല്ലാ വീട്ടിലും ഇനി ബൾബ് തെളിയും.
നാൽപത്തിയഞ്ച്്ലക്ഷം രൂപ മുടക്കി കേബിൾ വഴിയാണ് വൈദ്യുതിയെത്തിച്ചത്. രണ്ട് കിലോമീറ്റർദൂരം മണ്ണിനടിയിൽ കേബിൾ കുഴിച്ചിടുകയും ചെയ്തു. തൂണുകളിലൂടെ വലിച്ചിരിക്കുന്നത് ഇൻസലേഷൻ ചുറ്റിയ കമ്പികളാണ്. മരം ഒടിഞ്ഞ് വീണാലും, കാട്ടാന കുത്തിയിട്ടാലും അപകടമുണ്ടാവില്ല.
വനഗ്രാമത്തിലേക്കുള്ള റോഡ് നിർമാണവും ആരംഭിച്ചു. എല്ലാ വീടുകളിലേക്കും പൈപ്പ് വഴി കുടിവെള്ളമെത്തിക്കാൻ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഗ്രാമം ഉപേക്ഷിച്ച് പോകാൻ ജനങ്ങൾ തയ്യാറാകാതെയിരുന്നതോടെയാണ് അടിസ്ഥാന സൗകര്യങ്ങൾ ഇവരെ തേടിയെത്തിയത്.