കണ്ണൂര്‍ മട്ടന്നൂരില്‍ വേനല്‍മഴയെ തുടര്‍ന്ന് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. മട്ടന്നൂര്‍ നഗരപരിസരത്ത് ജോലിചെയ്യുന്നവരും പ്രദേശവാസികളുമായ നാല്പതിലധികം പേര് വിവിധആശുപത്രികളില്‍ ചികില്‍സയിലാണ്. ആരോഗ്യമന്ത്രിയുടെ നാട്ടില്‍ പടര്‍ന്നുപിടിക്കുന്ന ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കാന്‍ നഗരസഭയും ആരോഗ്യവകുപ്പും നടപടികള്‍ ഊര്‍ജിതമാക്കി.
ഏപ്രില്‍ ,മെയ് മാസങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ടുചെയ്യുന്നത് പൊതുവേ കുറവാണെങ്കിലും വേനല്‍മഴയെ തുടര്‍ന്ന് പനിവ്യാപകമായതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.അഞ്ചുദിവസത്തിനുള്ളില്‍ നാല്‍പ്പതിലധികം പേര് ഡെങ്കിപ്പനിയുമായി ചികില്‍സതേടി.എട്ടുപേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ പനിയുമായി വരുന്നവര്‍ക്ക് ഡെങ്കിപ്പനിയുടെ ചികില്‍സ തന്നെയാണ് ആശുപത്രികളില്‍ നല്‍കുന്നത്.പനി പടര്‍ന്നതോടെ മുന്‍സിപ്പാലിറ്റിയും ആരോഗ്യവകുപ്പും സംയുക്തമായി ഫോഗിങ്ങും കൂത്താടികളെ നശിപ്പിക്കാനുള്ള സ്പേയും തുടങ്ങി.അടുത്ത ആഴ്ചയിലും ഡെങ്കിപ്പനികേസുകള്‍ വര്‍ധിക്കാനാണ് സാധ്യതയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
നഗരപ്രദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളിലും ചിരട്ടയിലുമെല്ലാം വെള്ളം കെട്ടിനിന്നതോടെ ഡെങ്കിപ്പനി പടര്‍ത്തുന്ന കൊതുകുകള്‍ പെരുകിയതായി അധികൃതര്‍ പറഞ്ഞു.. നഗരത്തിനോട് ചേര്‍ന്ന് ജോലിചെയ്യുന്നവര്‍ക്കും പരിസരവാസികള്ക്കുമാണ് രോഗം പടര്‍ന്നിരിക്കുന്നത്. രോഗം പിടിപെട്ട ഇതരസംസ്ഥാനക്കാര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. പ്രദേശത്തെ ഹോട്ടലുകള്‍ അടച്ചിടാനും നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.