വിദേശനിര്മിതമെന്ന വ്യാജേന ചോക്കലേറ്റുകളും മറ്റു മധുരപലഹാരങ്ങളും കേരളത്തിലെ ബേക്കറികളില്‍ വിറ്റഴിക്കാന്‍ അനുവദിക്കില്ലെന്ന് ബേക്കേഴ്സ് അസോസിയേഷന്. അനധികൃതമായി വിറ്റഴിക്കുന്ന ഇത്തരം ഉല്പന്നങ്ങളുടെ ഉറവിടം കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബേക്കേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
കോഴിക്കോട്ടെ ബേക്കറിയില്‍ നിന്ന് വാങ്ങിയ മിഠായി കഴിച്ച അഞ്ചുവയസ്സുകാരന് മരിച്ചതോടെയാണ് നിലവാരമില്ലാത്ത മധുരപലഹാരങ്ങള്‍ വിദേശനിര്മിതമെന്ന വ്യാജേന കേരളത്തില്‍ വിറ്റഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വിദേശത്ത് വില്പന നിയന്ത്രിക്കപ്പെട്ട പല മധുരപലഹാരങ്ങളും കേരളത്തിലെത്തുന്നുണ്ട്. കേരളത്തിനു പുറത്ത് താല്‍ക്കാലികമായി ബ്രാന്‍ഡ് ചെയ്ത് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വിറ്റഴിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് സേഫ്റ്റി അതോറിറ്റിയുടെ ലൈസന്‍സ് ഇല്ലാത്തതും അറിയപ്പെടുന്ന ബ്രാന്‍ഡിങ് ഇല്ലാത്തതുമായ ഇത്തരം ഉല്പന്നങ്ങള് ബേക്കറികളില്‍ വില്ക്കാന് അനുവദിക്കില്ലെന്ന് ബേക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.എം.ശങ്കരന് പറഞ്ഞു. ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങള് വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വേഗത്തില്‍ പരിശോധന നടത്തണമെന്നും ബേക്കേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
വിദേശനിര്‍മിത മിഠായികള്‍ വില്‍ക്കുന്ന ബേക്കറികള്‍ ആവശ്യമായ പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കണമെന്നും ബേക്കേഴ്സ് അസോസിയേഷന് ഓര്‍മിപ്പിച്ചു.