നാടൊട്ടുക്കും മദ്യവിൽപനശാലകൾക്ക് താഴുവീണപ്പോൾ പൂട്ടാത്തയിടങ്ങളിലാണ് ഇപ്പോൾ മദ്യപന്മാരുടെ ശല്യം. പാലക്കാട് മേനോൻപാറയിലെ മദ്യവിൽപനശാലയെക്കുറിച്ചാണ് നാട്ടുകാരുടെ പരാതി. മദ്യവാങ്ങാനായി തമിഴ്നാട്ടിൽ നിന്നുളളവരും ഇവിടെയാണെത്തുന്നത്.
പാലക്കാടു നിന്ന് പൊളളാച്ചിയിലേക്കുളള വഴിയിൽ മേനോൻപാറയിലെ ബവ്റിജസ് മദ്യവിൽപനശാലക്കെതിരെയാണ് പരാതി. കഴിഞ്ഞ മുപ്പത്തിഅഞ്ചു വർഷമായി യാതൊരു കുഴപ്പങ്ങളുമില്ലാതിരുന്ന വിൽപനകേന്ദ്രം ഇപ്പോൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. സമീപമുളള എല്ലാ മദ്യവിൽപനശാലകളും പൂട്ടിയപ്പോൾ മദ്യംവാങ്ങാനുളളവരെല്ലാം ഇവിടെയെത്തിയപ്പോൾ തിരക്ക്. റോഡിലൂടെ നടക്കാനാവില്ല.
മദ്യംവാങ്ങിയാൽ കുടിക്കുന്നതും ഇതേ സ്ഥലത്തു തന്നെ. ഒരു പ്രദേശമാകെ കുപ്പിയും ചില്ലുകളും പ്ളാസ്റ്റിക് മാലിന്യങ്ങളും. തമിഴ്നാട്ടിൽ നിന്നുളളവരും മദ്യംവാങ്ങാനെത്തുന്നു. മിക്കപ്പോഴും നല്ല തിരക്ക്. പൊലീസ് നിരീക്ഷണം ശക്തമാക്കണം. മദ്യപന്മാരുടെ ശല്യം തുടർന്നാൽ മദ്യവിൽപനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുളള സമരത്തിനാണ് നാട്ടുകാരുടെ തീരുമാനം.