കാസർകോട്ടെ മലയോര വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് സ്വകാര്യ വ്യക്തി അനധികൃത പാർക്കിങ് ഗ്രൗണ്ട് നടത്തുന്നുവെന്ന് ആരോപണം. റിസർവ് വനത്തോട് ചേർന്ന് ഇടിച്ച് നിരത്തിയാണ് ഗ്രൗണ്ട് പണിതിരിക്കുന്നത്. പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് റാണിപുരത്ത് എത്തുന്നത്. ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ മലയിലില്ല.ഇത് മുതലെടുത്താണ് സ്വകാര്യ വ്യക്തി പാർക്കിങ് ഗ്രൗണ്ട് പണിതിരിക്കുന്നത്. ചെറുവാഹനങ്ങൾക്ക് പോലും ഇരുപത് രൂപ വീതം വച്ച് പണം വാങ്ങുന്നുമുണ്ട്. ഇതിന് പഞ്ചായത്തിൽ നിന്നോ, ആർ.ടി.ഒയിൽ നിന്നോ അനുമതി നേടിയിട്ടില്ല.
ഇതിനോട് ചേർന്നാണ് സ്വകാര്യ വ്യക്തികൾ കുന്നിടിച്ച് നിരത്തിയിരിക്കുന്നത്. പരാതി നൽകിയിട്ട് നടപടിയെടുക്കാൻ പോലും പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി