വയനാട്ടിലെ അഞ്ച് പഞ്ചായത്തുകൾക്ക് പ്രതീക്ഷ നൽകി ബാണാസുര ഡാമിൽനിന്നുള്ള കുടിവെള്ള പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. ഏഴുപത്തിയെട്ട് കോടിരൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
ഡാമിൽ നിർമിക്കുന്ന കിണറിൽനിന്നാണ് വെള്ളം പമ്പ്ചെയ്യുന്നത്. കിണർനിർമാണം തുടങ്ങിക്കഴിഞ്ഞു. ഇവിടുന്ന് തരിയോട് പഞ്ചായത്തിലെ കമ്പനിക്കുന്നിലെ ജലസംഭരണിയിൽ വെള്ളമെത്തിക്കും. തുടർന്ന് ആധുനിക രീതിയിൽ ശുദ്ധീകരിച്ച് കുടിവെള്ളം വിതരണം ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, കോട്ടത്തറ പഞ്ചായത്തുകളിലേക്ക് പൂർണ്ണമായും ശുദ്ധജലം ലഭ്യമാകും. ട്രൈബൽവകുപ്പിന്റെ പരാതിയെത്തുടർന്ന് കമ്പനിക്കുന്നിലെ നിർമാണം അൽപം വൈകിയെങ്കിലും സമയബന്ധിതമായി പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ആദ്യഘട്ടനിർമാണങ്ങൾ പൂർത്തീകരിച്ചാൽ ഉടൻതന്നെ രണ്ടാംഘട്ടത്തിന്റെയും നിർമാണം ആരംഭിക്കും. പഞ്ചായത്തുകളിൽ ജലം സംഭരിക്കാനുള്ള ടാങ്കുകളും, വിതരണം ചെയ്യാനുള്ള പൈപ്പുകൾ സ്ഥാപിക്കലുമാണ് രണ്ടാംഘട്ടത്തിൽ നടക്കുക.