മലപ്പുറം കൊണ്ടോട്ടി കക്കോവ് സ്കൂളിലെ നാലു വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചതായി പരാതി. സ്കൂളിലെ പ്രധാനാധ്യപകന് തെറ്റായ പരാതി നല്‍കിയെന്നാണ് ആരോപണം. വിദ്യാര്‍ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി. അതേസമയം വിദ്യാര്‍ഥികളുടെ പരാതി വ്യാജമാണെന്നാണ് പൊലീസിന്റെ നിലപാട്.
കക്കോവ് PMSA PT ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഷമീര്‍, സി.ഷമീറലി, സി.അഫ്ജാന്‍, ഇസ്ഹാക്ക് എന്നിവരാണ് വാഴക്കാട് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പത്താംക്ലാസിലെ അവസാന പരീക്ഷയുടെ ദിവസം പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ സ്കൂളിലെ വിദ്യാര്‍ഥികളുടെ ബാഗുകള്‍ പരിശോധിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പരിശോധനയില്‍ ലഹരി വസ്തുക്കള്‍, വാഹനങ്ങളുടെ താക്കോല്‍ എന്നിവ പിടിച്ചെടുത്തു. എന്നാല്‍ ഇതു തിരികെ വേണമെന്ന് ചില വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകനോട് ആവശ്യപ്പെട്ടു. തിരിച്ചു നല്‍കില്ലെന്ന് പ്രധാനാധ്യാപകന് പറഞ്ഞതോടെ ഇവര്‍ അധ്യാപകന്റെ കാറിനു നേരെ കല്ലെറിഞ്ഞു. എന്നാല്‍ അത് ഈ നാലുപേരാണെന്ന് തെറ്റിദ്ധരിച്ച് പ്രധാനാധ്യാപകന് പൊലീസിന് പരാതി നല്‍കിയെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് പ്രശ്നപരിഹാരത്തിനെന്ന് പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം വാഴ്ക്കാട് എസ്ഐ സന്തോഷ് പ്രധാനാധ്യാപകന്റെ മുന്നിലിട്ട് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
എന്നാല്‍ വിദ്യാര്‍ഥികളുടെ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം. ഇവര്‍ക്കെതിരെ നേരത്തെയും പരാതിയുണ്ടെന്നും പൊലീസ് പറഞ്ഞു. ബാലാവകാശകമ്മിഷന് പരാതി നല്‍കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.