വയനാട് അമ്പലവയലിൽ ബ്രിട്ടീഷുകാർ നിർമിച്ച നീസൻ ഹട്ടുകൾ അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു. പത്ത് നീസൻ ഹട്ടുകളുണ്ടായിരുന്നെങ്കിലും രണ്ടെണ്ണംമാത്രമാണ് അവശേഷിക്കുന്നത്.
കാടുകയറി തകർന്ന് കിടക്കുന്ന ഹട്ടുകൾ. അകത്തും പുറത്തും മദ്യകുപ്പികൾ. തെരുവനായ്ക്കൾ തമ്പടിച്ചിരിക്കുന്നു. ഇതൊക്കെയാണ് ചരിത്രസ്മാരകത്തിന്റെ ഇന്നത്തെ അവസ്ഥ. വയനാട്ടിൽ മലമ്പനി പടർന്നു പിടിച്ചപ്പോൾ മരുന്ന് സൂക്ഷിക്കുന്നതിനാണ് ബ്രിട്ടീഷുകാർ ഹട്ടുകൾ നിർമിച്ചത്. പിൽക്കാലത്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ ആർക്കും വേണ്ട. പുരാവസ്തുവകുപ്പ് ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല.
അമ്പലവയൽ മ്യൂസിയത്തിന് തൊട്ടുടത്തുതന്നെയാണ് ഹട്ടുകൾ സ്ഥിതി ചെയ്യുന്നത്. ഇവ നവീകരിക്കുകയാണെങ്കിൽ വിനോദസഞ്ചാര സാധ്യതകളും വർധിക്കും.