കോഴിക്കോട് നടക്കാവ് മോഡൽ എൽ.പി സ്കൂൾ വിദ്യാർഥി അമൽകൃഷ്ണക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. അമൽകൃഷ്ണയുടെ ദുരിത ജീവിതം സഹപാഠി ശിവാനിയിൽ നിന്ന് അറിഞ്ഞ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് വീടുപണിയാൻ മുൻകയ്യെടുത്തത്. വീടിന്റെ താക്കോൽ ദാനവും അദ്ദേഹം നിർവഹിച്ചു.
ഇവളാണ് ശിവാനി.ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കൂട്ടുകാരനായ അമൽകൃഷ്ണയുടെ ദുരിത ജീവിതം അദ്ദേഹത്തെ അറിച്ചവൾ.ഒപ്പം അന്ന് കൂട്ടിന് വിഷ്ണുവുണ്ടായിരുന്നു.ശിവാനിയുടെ ഉമ്മൻചാണ്ടീ എന്നവിളിയാണ് അമൽകൃഷണയുടെ ഈ നന്മവീടിന് ആധാരം.വീടിന്റെ താക്കോൽ ദാനം നിർവഹിക്കാൻ ഉമ്മൻചാണ്ടിയെത്തി
മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച 3 ലക്ഷം രൂപ അമൽകൃഷ്ണക്ക് ലഭ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഉറപ്പ്. തനിക്ക് പുതിയവീടു പണിയാൻ സഹായിച്ച ശിവാനിക്കും വിഷ്ണുവിനും അമൽകൃഷ്ണയുടെ നന്ദി. അമൽകൃഷ്ണയുടെ പുതിയ വീട് ശിവാനിക്കും ഒത്തിരി ഇഷ്ടമായി
ശിവാനിക്കും വിഷ്ണുവിനും സമ്മാനമായി ഒാരോ പവൻ സ്വർണനാണയം നൽകിയാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്.മൂന്നര സെന്റിൽ രണ്ടുനിലകളിലായി 16 ലക്ഷം രൂപയ്ക്കാണ് വീട് നിർമാണം പൂർത്തിയാക്കിയത്.