കോഴിക്കോട് വെള്ളിമാടുകുന്നിലെ മഹിളാമന്ദിരത്തിൽ നിന്ന് വിട്ടുപിരിഞ്ഞ അന്തേവാസികള്‍ വീണ്ടുംകണ്ടു. ജില്ലാഭരണകൂടവും സാമൂഹ്യനീതിവകുപ്പും ചേര്‍ന്നാണ് വിവാഹിതരായ അന്തേവാസികളുടെ സ്നേഹസംഗമം സംഘടിപ്പിച്ചത്.
ഏറെ നാളുകൾക്കുശേഷം കൂട്ടുകാരെല്ലാം വീണ്ടും ഒത്തുകൂടി. പക്ഷേ, ഇത്തവണ ഒറ്റയ്ക്കായിരുന്നില്ല. കുടുംബസമേതമായിരുന്നു എല്ലാവരുടെയും വരവ്. വെള്ളിമാടുകുന്നിലെ മഹിളാമന്ദിരം, ഗേള്‍സ് ഹോം എന്നിവിടങ്ങളിൽനിന്ന് വിവാഹിതരായ അന്തേവാസികള്‍ ഇതാദ്യാമായാണ് ഒത്തുചേരുന്നത്. ഒാടിക്കളിച്ച മുറ്റത്ത് സ്വന്തംകുടുംബവുമായെത്താനായതിന്റെ സന്തോഷം ആരും മറച്ചുവച്ചില്ല.
ഭർത്താക്കന്മാരും കുട്ടികളുമെല്ലാം പരസ്പരം സ്നേഹം പങ്കിട്ടു. കുടുംബസംഗമത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.