ഒരു ട്രെയിനിലെ യാത്രക്കാർക്കെല്ലാം സൗജന്യ ദന്തപരിശോധന. ലോക ദന്താരോഗ്യദിനത്തിന്റെ ഭാഗമായി ഇന്ത്യൻ ഡന്റൽ അസോസിയേഷനാണ് നിലമ്പൂർ ട്രെയിനിലെ യാത്രക്കാർക്കായി ദന്തപരിശോധന ക്യാംപ് സംഘടിപ്പിച്ചത്.
രാവിലെ ആറേമുക്കാലിന് ട്രെയിനിൽ കയറിയ ദന്തഡോക്ടർമാർ യാത്രക്കാരോട് വായ് പരിശോധിക്കട്ടെ എന്നാവശ്യപ്പെട്ടു. രാവിലെ തന്നെ ദന്തപരിശോധന നടത്തുന്നത് പലരേയും ആശങ്കയിലാക്കി. എങ്കിലും യാത്രക്കാരെല്ലാം സഹകരിച്ചു. വായ്ക്കകത്തുളള പലവിധ രോഗങ്ങൾ കണ്ടെത്താനും ചികിൽസ സഹായം നൽകാനുമായിരുന്നു പരിശോധന.
രോഗമുണ്ടെന്ന് സംശയമുളള പലർക്കും വിദഗ്ധ ചികിൽസ നിർദേശിച്ചു. ബ്രഷ് ഉപയോഗിച്ച് പല്ലു തേക്കുന്നത് അടക്കമുളള കാര്യങ്ങളിൽ ഉപദേശം നൽകി. റെയിൽവേയുടെ കൂടി സഹകരണത്തോടെയായിരുന്നു സേവനം.
നിലമ്പൂർ മുതൽ അങ്ങാടിപ്പുറം വരേയും തിരിച്ചുമുളള യാത്രയിലായിരുന്നു ദന്തഡോക്ടർമാരുടെ സൗജന്യസേവനം ലഭ്യമായത്.