എറണാകുളം പ്രസ്ക്ലബിൽ പെൺവരകളുടെ പ്രദർശനം. പ്രശസ്ത കാർട്ടൂണിസ്റ്റായിരുന്ന മായ കമ്മത്തിന്റെ അടക്കം ഒൻപത് ചിത്രകാരികളുടെ കാർട്ടൂണുകളും കാരിക്കേച്ചറുകളുമാണ് പ്രദർശനത്തിനുള്ളത്.
ചെറുവരകൾ. പക്ഷേ അവ പങ്കുവെയ്ക്കുന്നത് വലിയ ആശയങ്ങൾ.കാർട്ടൂണിങ്ങിലും കാരിക്കേച്ചർ രചനയിലും ആൺ പെൺ ഭേദമില്ലെന്ന പ്രഖ്യാപനം പോലെ 60 സൃഷ്ടികൾ.
മൺമറഞ്ഞ പ്രശസ്ത കാർട്ടൂണിസ്റ്റ് മായ കമ്മത്തിന്റെയും എംജി സർവകലാശാലാ യുവജനോൽസവത്തിലെ കാർട്ടൂൺ ജേതാവ് സൂര്യ മറിയ കുര്യന്റെയും സ്കൂൾ കലോൽസവ ജേതാവ് സെറ മറിയം ബിന്നിയുടെയും ഉൾപ്പെടെ ഒൻപതു വനിതകളുടെ വരക്കാഴ്ചകൾ.
ദേശീയതല കാർട്ടൂൺ കാരിക്കേച്ചർ ഫെസ്റ്റിനു മുന്നോടിയായി കാർട്ടൂൺ അക്കാദമി സംഘടിപ്പിച്ച പിങ്ടൂൺസ് പ്രദർശനം നടക്കുന്നതു എറണാകുളം പ്രസ് ക്ലബ് ഗാലറിയിലാണ്. ഇന്നലെ ആരംഭിച്ച പ്രദർശനം ഇന്ന് വൈകുന്നേരം ആറുമണിക്ക് സമാപിക്കും.