വാടക്കനാലില്‍ ജലനിരപ്പ് താഴ്ന്നതോടെ ആലപ്പുഴ ജെട്ടിയില്‍ ബോട്ടടുക്കാതായി. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ യാത്ര ചെയ്യേണ്ടവര്‍ ഇനി കാത്തുനില്‍ക്കേണ്ടത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ജെട്ടിയിലാണ്. ഡ്രഡ്ജിങ് നടത്താത്തതാണ് പ്രശ്നത്തിന് കാരണം.
ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെയല്ല വാടക്കനാലില്‍ വെള്ളം കൂടുന്നതുവരെ ആരും ആലപ്പുഴ ജെട്ടിയില്‍ ബോട്ടുകാത്തു നില്‍ക്കേണ്ടതില്ല. ഇവിടെനിന്നുള്ള സര്‍വീസ് തല്ക്കാലം നിര്‍ത്തി. വിവിധ സ്ഥലങ്ങളില്‍ നിന്ന് ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ തുടര്‍ന്നുള്ള യാത്ര ബോട്ടിലാണ് നടത്തേണ്ടതെങ്കില്‍ കടുത്ത വെയിലിലൂടെ നടന്ന് ജെട്ടിയിലെത്തും. സര്‍വീസ് ഇവിടെനിന്നല്ലെന്ന് തിരിച്ചറിയുമ്പോള്‍ വന്ന വഴി മുഴുവന്‍ തിരിച്ചുനടക്കണം.
അധികൃതരുടെ അനാസ്ഥ ചെറിയ ബുദ്ധിമുട്ടല്ല ഉണ്ടാക്കിയിരിക്കുന്നത്. സര്‍വീസ് തുടങ്ങുന്ന സ്ഥലം യാത്രക്കാര്‍ കണ്ടുപിടിച്ചു വരുമ്പോളേക്ക് ബോട്ട് കായലിന്റെ നടുക്കെത്തിയിട്ടുണ്ടാകും.
സ്വദേശികള്‍ മാത്രമല്ല ആലപ്പുഴ ബോട്ടുജെട്ടിയിലെത്തുന്നത്. മലയാളത്തിലുള്ള അറിയിപ്പ് മനസിലാകാതെ കേരളത്തിനുപുറത്തുനിന്നെത്തിയ വിനോദ സഞ്ചാരികള്‍ കണ്ണുമിഴിക്കുന്നു. ഇതൊക്കെ സ്ഥിരം കാണുന്നതായതുകൊണ്ട് കുട്ടനാട്ടുകാര്‍ വേഗം അടുത്ത ജെട്ടിപിടിക്കും