ആലപ്പുഴ അരൂര്‍ വെളുത്തുള്ളിക്കായലിലെ തുരുത്തില് വൈദ്യുതിയെത്തി. സമ്പൂര്‍ണ്ണ വൈദ്യുതീകരണം പദ്ധതി പ്രകാരമാണ് തുരുത്തിലെ ഏകവീട്ടില് സര്‍ക്കാര്‍ വെളിച്ചമെത്തിച്ചത്. അഞ്ചാം ക്ലാസുകാരന് ആല്ബിന് ഇനി രാത്രിയും പഠിക്കാം. നല്ല വെളിച്ചത്തിലിരുന്നു തന്നെ.
അരൂര്‍ ചന്തിരൂരില്‍ വെളുത്തുള്ളി കായലിലെ തുരുത്തില് കഴിഞ്ഞ അമ്പത്തെട്ടുവര്ഷമായി വൈദ്യുതിയില്ലാതെ താമസിക്കുകയായിരുന്നു ഒരു കുടുംബം. തുരുത്തിലുള്ള ഏക ഭവനം. വീട്ടില്‍ വെളിച്ചമെത്തുന്നത് കാണാന്‍ ഭാഗ്യമില്ലാതെ കുടുംബനാഥന് ഡാനിയേല്‍ മരിച്ചു. ഭാര്യ വിളമ്മക്ക് എലുപത്തിയഞ്ചുവയസായി. അവരുടെ മകന് അലക്സും കുടുംബവുമാണ് ഒപ്പമുള്ളത്. സമ്പൂര്‍ണ്ണ വൈദ്യുതീകരണം പദ്ധതിയുടെ ഭാഗമായാണ് ഒരു ലക്ഷത്തോളം രൂപ ചെലവില്‍ സര്‍ക്കാര്‍ ഈ വീട്ടില്‍ വെളിച്ചമെത്തിച്ചത്.
അതിനായി കായലില്‍ മൂന്ന് വലിയ പോസ്റ്റുകള്‍ സ്ഥാപിച്ചു. വൈദ്യുതിക്കായി ഇരുപത്തിയഞ്ചുവര്‍ഷമായി കുടുംബം മുട്ടാത്ത വാതിലുകളില്ല. പത്തുസെന്റ് വരുന്ന തുരുത്തില്‍നിന്ന് ചെറുവള്ളത്തിലാണ് ഇവര്‍ പുറംലോകവുമായി ബന്ധം പുലര്‍ത്തുന്നത്. വൈദ്യുതിയില്ലാത്തതിനാല്‍ മറ്റ് മക്കളൊക്കെ മറുകര തേടിപ്പോയി. ജനിച്ച വീട്ടില്‍ വെളിച്ചമെത്തിക്കാന്‍ വലിയ പോരാട്ടം നടത്തേണ്ടി വന്നു അലക്സിന്.