എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച എസ്എഫ്ഐ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. ക്യാംപസില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ദുഃഖമുണ്ടാക്കിയെന്ന് മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ ഐസക് പറഞ്ഞു. കോളജിന്റെ വികസനത്തിന് ഇരുപത്തിയഞ്ച് കോടി രൂപയും ധനമന്ത്രി വാഗ്ദാനം ചെയ്തു.
മഹാരാജാസ് കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ കെ.അരവിന്ദാക്ഷനെഴുതിയ ഒരധ്യാപകന്റെ സാമൂഹ്യപാഠങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച എസ്എഫ്ഐ നടപടിയെ മുന്‍ എസ്എഫ്ഐ നേതാവു കൂടിയായ ഐസക് വിമര്‍ശിച്ചത്. അധ്യാപകരോട് മറുത്തു പറയാത്ത പാരമ്പര്യമാണ് മഹാരാജാസിനുണ്ടായിരുന്നതെന്ന് അനുസ്മരിച്ച ഐസക്,അഭിമാനിക്കാവുന്ന കാര്യങ്ങളല്ല അടുത്തിടെ ക്യാംപസിലുണ്ടായതെന്നും ഓര്‍മിപ്പിച്ചു. എസ്എഫ്ഐയുടെ പേരെടുത്തു പറയാതെയായിരുന്നു സിപിഎം നേതാവിന്റെ വിമര്‍ശനം.
കോളജിന്റെ വികസനത്തിനുളള ധനസഹായവും പുര്വവിദ്യാര്ഥിയായ ധനമന്ത്രി പ്രഖ്യാപിച്ചു.പി.ടി.തോമസ് എംഎല്‍എ,പിഎസ്്സി മുന്‍ ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന് എന്നിവരടക്കം കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ ഒട്ടേറെ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.