മാക്ട ഫെഡറേഷനിലെ അംഗങ്ങൾക്ക് ജോലി നിഷേധിച്ചെന്ന് ആരോപിച്ച് കൊച്ചിയിൽ സിനിമ ഷൂട്ടിങ് സ്ഥലത്ത് സംഘർഷം. തൊഴിൽ നിഷേധത്തിൽ പ്രതിഷേധിച്ച് മാക്ട ഭാരവാഹികൾ ചിത്രീകരണം തടസപ്പെടുത്തി.
പനമ്പിള്ളി നഗറിൽ ചിത്രീകരണം പുരോഗമിക്കുന്ന മഖ്ബൂൽ സൽമാൻ നായകനായ തമിഴ് ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഘർഷം. അഞ്ച് ദിവസത്തെ ഷൂട്ടിങ്ങാണ് ചിത്രത്തിന് കൊച്ചിയിൽ ഉള്ളത്. തുടർച്ചയായ രണ്ടാം ദിവസവും മാക്ട ഫെഡറേഷനിൽ അംഗമായ തൊഴിലാളിക്ക് ജോലി നിഷേധിച്ചതാണ് സംഘർഷത്തിന് കാരണമായത്. ജോലിക്കെടുക്കരുതെന്ന് ഫെഫ്കയുടെ ഉന്നതരുടെ നിർദേശമുണ്ടെന്ന് നിർമാതാവ് അറിയിച്ചെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു.
മാക്ട ഫെഡറേഷൻ ഭാരവാഹികൾ സ്ഥലത്തെത്തി ഷൂട്ടിങ് തടസപ്പെടുത്തി. മാക്ടയിലെ അംഗങ്ങൾക്ക് തൊഴിൽ നിഷേധിച്ചാൽ ശക്തമായ സമരവുമായി സംഘടന മുന്നോട്ട് പോകുമെന്ന് മാക്ട നേതൃത്വം അറിയിച്ചു. ഷൂട്ടിങ് തടസപ്പെട്ടതോടെ മാക്ട അംഗങ്ങൾക്ക് ജോലി നൽകാൻ നിർമാതാവ് പിന്നീട് തയാറായി.