കുടിവെള്ളവും ജലസേചനവും പ്രതിസന്ധിയിലായ അപ്പര്‍ കുട്ടനാട്ടില്‍ തോട്ടിലെ പോള നീക്കം ചെയ്യാന്‍ ശ്രമം. പോള നീക്കം ചെയ്യുന്നതോടെ നീരൊഴുക്കും, ജലഗതാഗത പാതയും പുനസ്ഥാപിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പെരിങ്ങര പഞ്ചായത്ത്. കുത്തിനിറച്ചതുപോലെ കുട്ടനാട്ടിലെ തോടുകളിലും ജലാശയങ്ങളിലും നിറഞ്ഞ പോള വന്‍ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയ്ക്കുണ്ടാകുന്നത്.
പലയിടത്തും നീരൊഴുക്ക് നിലച്ചതോടെ പാടങ്ങളിലേക്കുള്ള പമ്പിങ് പോലും സാധ്യമല്ലാതായി. ഈ സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ലയില്‍ ആദ്യമായി പെരിങ്ങര പഞ്ചായത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തോട്ടിലെ പോള വാരാന്‍ തീരുമാനിച്ചത്. മൂന്നുകിലോമീറ്റര്‍ നീളമുള്ള ചാത്തങ്കേരി-മേപ്രാല്‍ - റോഡുകടവ് തോട്ടിലെ പോള വാരുന്നതിന് പതിമൂന്നര ലക്ഷം രൂപയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
പോള വാരുന്നതിനുള്ള പ്രത്യേക ബക്കറ്റോടുകൂടിയ മണ്ണുമാന്തി യന്ത്രവും ബാര്‍ജുകളും സേലത്തുനിന്നാണ് കരാറുകാരന് എത്തിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നിര്‍വഹണം. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ തോടുകളില്‍ നടപ്പിലാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.