കണ്മുന്നിലെ കലാപ്രകടനത്തേക്കാള്‍ കാണികള്ക്കിഷ്ടം വിരല്‍ത്തുമ്പിലെ ദൂരക്കാഴ്ചകള്‍. ഒടുവില്‍ സ്കൂള്‍ കലോല്‍സവ വേദികളിലെ കാഴ്ചക്കാരുടെ ശ്രദ്ധയും സമൂഹ മാധ്യമങ്ങള്‍ കീഴടക്കി . പ്രതിഭകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ കാണികളുടെ കണ്ണുകള്‍ കൈയ്യിലെ മൊബൈല്‍ സ്ക്രീനിലാണ്. എന്നാല്‍ മല്‍സരാര്‍ഥികളുടെ ആത്മവിശ്വാസം കൂട്ടാനുള്ള മരുന്നായും ഇതേ മൊബൈല്‍ഫോണ്‍ മാറുന്നുണ്ട്.
എല്ലാ കൈകളിലും സ്മാര്‍ട് ഫോണാണ്. ത്രീ ജിയും ഫോര്‍ ജിയുമൊക്കെ സൗജന്യമായോ അല്ലെങ്കില്‍ കുറഞ്ഞനിരക്കിലോ നല്കാന് കമ്പനികള്‍ മല്‍സരിക്കുമ്പോള്‍ പൊതുജനം ഓണ്‍ലൈനായി. അതുകൊണ്ടുതന്നെ വേദികളിലേയ്ക്ക് അധികം കണ്ണുകള്‍ എത്തുന്നില്ലെന്നാണ് ആലപ്പുഴ ജില്ലാ കലോല്സവത്തിനെത്തിയപ്പോള് മനസിലായത്. മകളുടെ നൃത്തം ഫോണില്‍ പകര്‍ത്താന്‍ അച്ഛന്. എന്നാല്‍ മറ്റാരും ഈ നൃത്തം അത്രക്കങ്ങ് ശ്രദ്ധിക്കുന്നില്ല. മേക്കപ്പിട്ടവരെ മൊബൈല്‍ ക്യാമറയിലാക്കാന്‍ തിരക്കുകൂട്ടുകയാണ് ഒരു കൂട്ടര്. ഗ്യാലറിയില്‍ സൂക്ഷിക്കാനല്ല. ഉടന്‍തന്നെ അവ ഗ്രൂപ്പുകളിലേക്ക് വീതിക്കപ്പെടും. അങ്ങനെ പ്രകടനത്തിനുമുമ്പേ ചിത്രങ്ങള്‍ സ്കൂളിലും ബന്ധുക്കള്‍ക്കിടയിലും വൈറലാകും. മേക്കപ്പിന്റെ ഓരോ സ്റ്റേജും മൊബൈലില്‍ പകര്‍ത്തി അയച്ചുകൊടുത്ത് അഭിപ്രായങ്ങള്‍ തേടുന്നവരുമുണ്ട്. സമൂഹമാധ്യമങ്ങള്‍ ആത്മവിശ്വാസം കൂട്ടുന്നുണ്ടെന്നാണ് മല്‍സരാര്‍ഥികളുടെ പക്ഷം.
വേദിയില്‍ ഇനങ്ങള്‍ തുടങ്ങാന്‍ വൈകിയാലും ആര്‍ക്കും വലിയ പരാതിയില്ല. അകലങ്ങളിലെ കാഴ്ചകള്‍ തേടി വിരലോടുമ്പോള്‍ ചെസ്റ്റ് നമ്പറുകള്‍ മാറിമാറി വന്നുപോകും