ആലപ്പുഴ നൂറനാട് കുഷ്ഠരോഗ കേന്ദ്രത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. സ്ത്രീകളുടെ താമസ സ്ഥലത്തിന്റെ മേല്‍ക്കൂരയാണ് രാവിലെ തകര്‍ന്നു വീണത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
നൂറനാട് കുഷ്ഠരോഗ കേന്ദ്രത്തിലെ അന്തേവാസികളായ എട്ടുസ്ത്രീകളെ താമസിപ്പിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. മൂന്നുതൂണുകള്‍ മറിഞ്ഞുവീണതോടെ മേല്‍ക്കൂരയുടെ ഒരു വശം താഴേക്ക് അമര്‍ന്നു. തുടര്‍ന്ന് ജീവനക്കാരും അന്തേവാസികളും ചേര്‍ന്ന് മേല്‍ക്കൂരയ്ക്ക് താങ്ങുനല്‍കി. അപകടത്തെ തുടര്‍ന്ന് അന്തേവാസികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.
നിലവില്‍ അറുപത്തിയെട്ട് സ്ത്രീകളുള്‍പ്പടെ നൂറ്റിയെഴുപത്തിയഞ്ച് അന്തേവാസികളാണ് കേന്ദ്രത്തിലുള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് പ്രധാന കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നു വീണിരുന്നു. കാലപ്പഴക്കംമൂലം ഉപയോഗശൂന്യമെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്കിയ 78 കെട്ടിടങ്ങളില്‍ അഞ്ചെണ്ണം നവീകരിച്ചാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഒരു കെട്ടിടത്തിന്റെ ഭാഗമാണ് തകര്‍ന്നത്.
കുഷ്ഠരോഗ കേന്ദ്രം നവീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.