കൊച്ചി പേരണ്ടൂര്‍ കനാല്‍ മലിനമാക്കി റയില്‍വേയും. സൗത്ത് റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുളള ക്വാര്ട്ടേഴ്്സില് നിന്നുളള മാലിന്യങ്ങളാണ് റയില്‍വേ ഒരു മാനദണ്ഡവുമില്ലാതെ പേരണ്ടൂര്‍ കനാലിലേക്ക് തളളുന്നത്. ശുചിത്വ സന്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ സ്വഛ് ഭാരത് പദ്ധതി നടപ്പാക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിനു കീഴിലുളള പൊതുമേഖലാ സ്ഥാപനത്തിന്റെ ഗുരുതരമായ നിയമലംഘനം.
ഇരുന്നൂറിലേറെ റെയില്‍വെ ജീവനക്കാരും അവരുടെ കുടുംബങ്ങളും താമസിക്കുന്ന സൗത്ത് െറയില്‍വെ സ്റ്റേഷനോട് ചേര്‍ന്ന ക്വാര്‍ട്ടേഴ്സ്. ഈ ക്വാര്‍ട്ടേഴ്സില്‍ നിന്നുളള മാലിന്യങ്ങള്‍ സ്റ്റേഷനിരികിലെ പ്ലാന്റില്‍ സംസ്കരിച്ച് നീക്കം ചെയ്യുന്നുണ്ടെന്നാണ് വയ്പ്പ്. എന്നാല്‍ മാലിന്യം സംസ്കരിക്കാനായി ഒരുക്കിയിട്ടുണ്ടെന്ന് റെയില്‍വെ അവകാശപ്പെടുന്ന പ്ലാന്റിന്റെ ഇന്നത്തെ അവസ്ഥയൊന്നു കാണുക.
പ്ലാന്റ് കാടുകയറിയിട്ട് വര്‍ഷം കുറേയായെന്ന് വ്യക്തം. പ്രവര്‍ത്തിക്കാത്ത പ്ലാന്റില്‍ പിന്നെയെങ്ങനെ മാലിന്യം സംസ്കരിക്കുന്നെന്നറിയാന് ഏറെ നേരം ഞങ്ങള്‍ കാത്തിരുന്നു. റെയില്‍വെ സ്റ്റേഷന് ക്വാര്‍ട്ടേഴ്സില്‍ നിന്നുളള മാലിന്യങ്ങള്‍ വഹിച്ചെത്തുന്ന പമ്പ് തുറന്നുവച്ചിരിക്കുന്നത് നേരെ പേരണ്ടൂര്‍ കനാലിലേക്ക്. ക്വാര്‍ട്ടേഴ്സിനു സമീപം ശേഖരിക്കുന്ന മാലിന്യങ്ങള്‍ ദിവസവും രണ്ടോ മൂന്നോ തവണ പൈപ്പ് ലൈന്‍ വഴി കനാലിലേക്ക് ഒഴുക്കിവിടും. ദാ ഇതുപോലെ.
മാലിന്യ പ്ലാന്റ് പുനര്‍ നിര്‍മിക്കണമെന്ന് റെയില്‍വെ ജീവനക്കാര്‍ തന്നെ ആവശ്യമുന്നയിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ റെയില്‍വെ ഉന്നതരാരും കേട്ടമട്ടില്ല. പൊതുഇടങ്ങളിലെ ശുചിത്വത്തെ പറ്റി േകന്ദ്ര സര്‍ക്കാര്‍ വാചാലരാവുന്ന കാലത്താണ് കേന്ദ്രത്തിനു കീഴിലുളള ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം അധികൃതരുടെ അറിവോടെ കൊച്ചി നഗരത്തിലെ ഒരു പ്രധാന ജലസ്രോതസ് ഇങ്ങനെ മലിനമാക്കുന്നത്.