മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ടാര്‍ മിക്സിങ് പ്ലാന്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. പ്ലാന്റിന് അനുമതി നല്‍കിയതിനെതിരെ നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. അനുമതിക്കു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
രാജ്യാന്തര തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ പള്ളിക്കും വിനോദസഞ്ചാരകേന്ദ്രമായ മണപ്പാട്ടുചിറയ്ക്കും സമീപത്തായാണ് ടാര്‍ മിക്സിങ് പ്ലാന്റ് വരുന്നത്. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ചാണ് പഞ്ചായത്ത് യൂണിറ്റിന് അനുമതി നല്‍കിയത്. നീലീശ്വരത്തെ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടന്ന സമരം പരിസ്ഥിതിപ്രവര്‍ത്തകന്‍ സി.ആര്.നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. മത, സാമുദായിക, രാഷ്ട്രീയ നേതാക്കള്‍ സമരത്തില്‍ അണിനിരന്നു.
വനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്ലാന്റ് വനമേഖലയ്ക്ക് നാശനഷ്ടമുണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാന്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ മണപ്പാട്ടുചിറയുടെ നാശത്തിനു വഴിയൊരുക്കുമെന്നാണ് മറ്റൊരു ആക്ഷേപം. പ്ലാന്റിന്റെ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍