പുതുവൈപ്പിനില്‍ ഐഒസി സ്ഥാപിക്കുന്ന എല്‍പിജി സംഭരണകേന്ദ്രത്തിനെതിരെ ജനകീയ പ്രതിഷേധം കനക്കുന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ സമര സമിതി നിര്‍ദിഷ്ട സംഭരണകേന്ദ്രത്തിന് മുന്പില് അനിശ്ചിതകാല ഉപരോധസമരം തുടങ്ങി.
എളങ്കുന്നപ്പുഴയില്‍ ജനവാസകേന്ദ്രത്തിന് മുപ്പത് മീറ്റര്‍ മാത്രം അകലത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന എല്‍പിജി സംഭരണകേന്ദ്രത്തിനെതിരായണ് ഈ പ്രതിഷേധം. 2009ല്‍ ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഐഒസി ഈയിടെയാണ് വീണ്ടും തുടക്കമിട്ടത്. കടല്‍മാര്‍ഗമെത്തുന്ന എല്‍പിജി ഇവിടെ സംഭരിച്ച ബുള്ളറ്റ് ടാങ്കറില്‍ സംസ്ഥാനത്തെയും തമിഴ്്നാട്ടിലേയും ബോട്ട്ലിങ് പ്ലാന്റുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. ജനവാസകേന്ദ്രത്തിന് കേവലം 30 മീറ്റര്‍ മാത്രം അകലത്തില്‍ നിര്‍മിക്കുന്ന സംഭരണകേന്ദ്രം വന്‍ പാരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ഇവരുടെ ഭീതി.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ലംഘിച്ച് നിയമവിരുദ്ധമായാണ് ഐഒസിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെന്നും ഇവര്‍ ആരോപിക്കുന്നു. പദ്ധതി ഉപേക്ഷിക്കാന്‍ ഐഒസി തയാറാകും വരെ ശക്തമായ ഉപരോധസമരവുമായി മുന്നോട്ട് പോകാനാണ് പുതുവൈപ്പിനിലെ അറുനൂറോളം വരുന്ന കുടുംബങ്ങളുടെ തീരുമാനം