രാജാ രവിവർമയുടെ വിഖ്യാതചിത്രങ്ങൾ പലതുംപിറവികൊണ്ട മൂടത്തുമഠം സംരക്ഷണമില്ലാതെ നശിക്കുന്നു. കിളിമാനൂർ രാജവംശത്തിലെ ഇളമുറത്തമ്പുരാക്കൻമാർക്കായി പണികഴിപ്പിച്ച മഠം, പുരാവസ്തുവകുപ്പ് ഏറ്റെടുത്തിട്ട് വർഷങ്ങളായെങ്കിലും തിരിഞ്ഞുനോക്കുന്നില്ല. നഗരവാസികൾക്ക് മാലിന്യംതള്ളാനുള്ള ഇടമായിക്കഴിഞ്ഞു ഇവിടം.
കാടുകയറി നശിച്ച മഠത്തിന്റെ ഒരോ ഭാഗമായി നിലം പൊത്തി. അവശേഷിക്കുന്നത് ഏതാനും ഭിത്തികൾ. പരമ്പരാഗത ശൈലിയിൽ പണികഴിപ്പിച്ച നാലുകെട്ടായിരുന്നു മഠം. 200 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിൽ ഇന്നുനിറയുന്നത് മാലിന്യം മാത്രം.
2002 ൽ മഠം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. 2003 ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് വിജ്ഞാപനവും ഇറങ്ങി. പുനർനിർമിച്ച് ആർട് ഗാലറി ആക്കാനായിരുന്നു പദ്ധതി.രാജകുടുംബവുമായി വസ്തുവിൻമേൽ നിയമപോരാട്ടം തുടങ്ങിയതോടെ വഴിമുട്ടി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടക്കു സമീപം 35.75 സെന്റിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. വകുപ്പധ്യക്ഷന്റെ കാര്യാലയത്തിന് എതിർവശത്താണ് ചരിത്രത്തിന്റെ ശേഷിപ്പ് ഇല്ലാതായികൊണ്ടിരിക്കുന്നത്.