കൊച്ചിയില്‍ പൊതുനിരത്തിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് മേയര്‍ സൗമിനി ജയിന്. നഗരസഭയ്ക്ക് ഇക്കാര്യത്തില്‍ പരിമിതിയുണ്ടെന്നും പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും മേയര്‍. കൊച്ചിയില്‍ പൊതുനിരത്തിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നു എന്ന മനോരമ ന്യൂസ് വാര്‍ത്തയോടാണ് മേയറുടെ പ്രതികരണം.
കക്കൂസ്മാലിന്യം ലോഡ് കണക്കിന് പൊതുവഴിയിലും ഒാടകളിലും തള്ളുന്നതിന് എതിരെ എന്തുകൊണ്ട് നഗരസഭ നടപടി എടുക്കുന്നില്ലെന്ന് ചോദ്യത്തിനാണ് പൊലീസിനെ പഴിചാരി മേയര്‍ പ്രതികരിച്ചത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതരത്തില്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് നഗരസഭയ്ക്ക് പരിമിതിയുമുണ്ട്.
75 മുതല്‍ 80 ലോഡ് കക്കൂസ് മാലിന്യമാണ് ഒരുദിവസം സംസ്ക്കരിക്കേണ്ടത്. പക്ഷെ സംസ്കരിക്കാനാകുന്നത് ഇരുപത് ലോഡും. കൊച്ചി തുറമുഖത്തിന്റെ സ്ഥലത്ത് സ്ഥാപിക്കുന്ന പുതിയ പ്ളാന്റ് അടുത്തമാസം കമ്മിഷന് ചെയ്യുന്നതോടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വൈറ്റിലയ്ക്കുസമീപം ജനതാജംക്ഷനിലെ സഹോദരന് അയ്യപ്പന് റോഡിലെ ഒാടയിലാണ് കഴിഞ്ഞദിവസം ലോഡ് കണക്കിന് കക്കൂസ് മാലിന്യം തള്ളിയത്. നഗരത്തിന്റെ ഹൃദയഭാഗത്ത് ഉള്‍പ്പടെ കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.