ഷേക്സ്പിയര് നാടകം മക്ബത്തുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍. ആലപ്പുഴ ചമ്പക്കുളം സെന്റ്മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് നാലുമാസത്തെ പരിശീലനത്തിനുശേഷം മക്ബത്തിനെ അരങ്ങിലെത്തിക്കുന്നത്. സ്കൂളിലെ ഫിസിക്സ് അധ്യാപകനാണ് നാടകത്തിന്റെ സംവിധാനം.
കാലത്തെ അതിജീവിച്ച മക്ബത്ത്. ദുരാഗ്രഹങ്ങളുടെയും അധികാരക്കൊതിയുടെയും കറുത്ത മുഖങ്ങള്‍ക്ക് എല്ലാ കാലഘട്ടങ്ങളിലും പ്രസക്തിയുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ അധ്യാപകരുടെ പിന്തുണയോടെ നാടകം അരങ്ങിലെത്തിക്കുകയാണ്. ഒന്നും രണ്ടുമല്ല നാലുമാസത്തെ പരിശ്രമം. അഞ്ചാംക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള മുപ്പത്തിയേഴ് വിദ്യാര്‍ഥികള്‍. വലിയവര്‍ക്കുപോലും വഴങ്ങാന്‍ ബുദ്ധിമുട്ടുള്ള കഥ ഷേക്സ്പിയറിന്റെ ഭാഷയില്‍തന്നെ പറയുന്നു. മുന്‍കൂട്ടി റെക്കോഡ്ചെയ്തല്ല. മൂന്നുമണിക്കൂര്‍ പത്തുമിനിട്ട് തല്‍സമയം.
സ്കൂളിലെ ഫിസിക്സ് അധ്യാപകന് ജോസഫ്കുഞ്ഞാണ് നാടകം സംവിധാനം ചെയ്യുന്നത്. പ്രധാനവേഷത്തിലെത്തുന്നതും അദ്ദേഹംതന്നെ. രാവിലെയും വൈകിട്ടും നാടകപഠനം. സ്കൂളിലെ കുട്ടികള്‍ക്കെല്ലാം ഇപ്പോള്‍ ഷേക്സ്പിയറെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും അറിയാം.
മനസിലാക്കാന്‍ പ്രയാസമുള്ള ഭാഷാപ്രയോഗത്തെ നടീനടന്മാര് കാണാതെപഠിച്ചു. ഷേക്സ്പിയര് കൃതികളോട് അധ്യാപകനായ ജോസഫ്കുഞ്ഞിന് അതിയായ താല്‍പ്പര്യമുണ്ട്. പണ്ട് പ്രൈവറ്റ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിനോക്കിയകാലത്ത് തോന്നിത്തുടങ്ങിയ ഇഷ്ടം. അത് വിദ്യാര്‍ഥികളിലേക്ക് പകരാന്‍ നടത്തിയ നീക്കം വിജയിച്ചുകഴിഞ്ഞു. കുറവുകള്‍ പരിഹരിച്ച് മക്ബത്തിനെ വേദിയിലെത്തിക്കാന്‍ കഠിനശ്രമം. വലിയ സദസിനുമുന്നില്‍ നാടകം കളിക്കാന്‍ അവസരം കിട്ടിയതിന്റെ ത്രില്ലിലാണ് കുട്ടികള്‍.