ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതിക്കെതിരെ ആരോഗ്യവകുപ്പ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആറുമാസമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. പദ്ധതി ഉപേക്ഷിക്കാനുള്ള നയപരമായ തീരുമാനം സ്വീകരിക്കാമെന്ന കുറിപ്പോടെയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വകുപ്പുമന്ത്രി ഇത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു
മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല താല്‍പ്പര്യമെടുത്താണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതി കൊണ്ടുവന്നത്. കരുവാറ്റയില്‍ സ്ഥലം ഏറ്റെടുക്കുന്നതുവരെയെത്തി കാര്യങ്ങള്‍. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതി പുനപരിശോധിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വിവാദ പദ്ധതിയെക്കുറിച്ച് അന്വേഷിച്ച ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്. ആദ്യം ഉദ്ദേശിച്ചതില്‍ നിന്നും വളരെ മാറ്റങ്ങളോടെയാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള നീക്കം മുന്നോട്ട് പോകുന്നതെന്ന് ഇതില്‍ പറയുന്നു. തൊട്ടടുത്തുള്ള വണ്ടാനം മെഡിക്കല്‍ കോളജ് പരിമിതികളാല്‍ വീര്‍പ്പുമുട്ടുകയാണെന്നും പതിനെട്ട് കിലോമീറ്റുകള്‍ക്കപ്പുറത്ത് മറ്റൊരു മെഡിക്കല്‍ കോളജ് വന്നാല്‍ അത് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള നയപരമായ തീരുമാനം കൈക്കൊള്ളാവുന്നതാണെന്ന കുറിപ്പോടെ ആരോഗ്യവകുപ്പ് സെക്രട്ടറി കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്കി
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതില്‍ തിരിമറികള്‍ നടന്നതായി കഴിഞ്ഞ ദിവസം സിഎജി കണ്ടെത്തിയിരുന്നു. ആരോഗ്യമന്ത്രി കൈമാറിയ ഫയലില്‍ പക്ഷേ മുഖ്യമന്ത്രി ആറുമാസമായിട്ടും തീരുമാനമെടുത്തിട്ടില്ല