പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കി നൂറു മേനി വിളഞ്ഞതിന്റെ ആഹ്ലാദത്തിലാണ് തൊടുപുഴ നെയ്യശ്ശേരിയിലെ നെൽ കർഷക സംഘം. തരിശായി കിടന്ന അഞ്ചേക്കറിൽ പതിനാല് പേരുടെ പ്രയത്നമാണ് വിജയം കണ്ടത്.
തരിശായി കിടന്ന അഞ്ചേക്കറിൽ ഓടി നടന്ന് പണിയെടുത്തതിന് ഫലം കണ്ടു. നൂറ് മേനി വിളവെന്ന് പറഞ്ഞാൽ പോര അതും ആദ്യ കൂട്ട്കൃഷിയിൽ. ചെറിയ രീതിയിൽ കൃഷിയും ഉപജീവന മാർഗ്ഗമായി മറ്റ് തൊഴിലുകളും ചെയ്തിരുന്ന പതിനാല് പേരടങ്ങുന്ന കർഷക കൂട്ടായ്മയാണ് നെൽകൃഷിയെന്ന വെല്ലുവിളി ഏറ്റെടുത്തത്.
ക്ഷീര കർഷകർ മുതൽ കൽപണിക്കാർ വരെ കൂട്ടത്തിലുണ്ട്. ആ പണി ഉപേക്ഷിക്കാതെ കൃത്യമായ ഇടവേളകളിൽ ഒത്ത് ചേർന്നായിരുന്നു നെൽകൃഷി സംരക്ഷണവും പരിപാലനവും. കൃഷിവകുപ്പിൽ നിന്ന് ആവശ്യമായ സഹായം ലഭിച്ചതും ഗുണകരമായി. അടുത്ത വർഷം കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കാനും കർഷക സംഘം തീരുമാനിച്ച് കഴിഞ്ഞു.