വരള്‍ച്ച പിടിമുറുക്കും മുമ്പേ മൂവാറ്റുപുഴയാറിന്റെ ഗതകാലപ്രതാപം വീണ്ടെടുക്കാന്‍ ചെറുപ്പക്കാരുടെ കൂട്ടായ്മ.മൂവാറ്റുപുഴയാറൊഴുകുന്ന പിറവം നഗരസഭ പരിധിയിലെ ചെറുപ്പക്കാരാണ് ആറ്റിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുളള ഉദ്യമവുമായി ഇറങ്ങിയത്. രണ്ടു ദിവസം കൊണ്ട് ഒന്നര ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പുഴയില്‍ നിന്ന് നീക്കം ചെയ്തത്.
ചെറുവളളത്തില്‍ മൂവാറ്റുപുഴയാറ്റിലൂടെ ഈ ചെറുപ്പക്കാര്‍ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു നാളാകുന്നു. സ്വന്തം നാട്ടിലൂടെ ഒഴുകുന്ന പുഴയുടെ ഭാഗത്തെ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിട്ടുളള യാത്ര തുടങ്ങി മൂന്നു നാള് പിന്നിടുമ്പോള്‍ പുഴയില്‍ നിന്നിവര്‍ ശേഖരിച്ച് നീക്കിയത് ഒന്നര ടണ്‍ പ്ലാസ്റ്റിക് മാലിന്യം. ഇറച്ചിമാലിന്യങ്ങളടക്കമുളളവ വേറെ. പത്തുലക്ഷം പേരുടെ കുടിവെളള സ്രോതസായ പുഴ വല്ലാതെ മലിനമാകുന്നെന്ന ആശങ്കയെ തുടര്‍ന്നാണ് പുഴ വൃത്തിയാക്കാന്‍ വളളമെടുത്ത് ഇവരിറങ്ങിയത്.
പതിനഞ്ചു ദിവസം കൊണ്ട് പിറവം മേഖലയിലൂടെയൊഴുകുന്ന പുഴയുടെ ഭാഗം വൃത്തിയാക്കുകയാണ് ലക്ഷ്യം. പുഴയില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം സംസ്കരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് ചെറുപ്പക്കാരുടെ പ്രവര്‍ത്തനം.